അന്‍വര്‍ എം.എല്‍.എയുടെ പരാതിക്കാരിയുടെ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തി. ട്രാക്ടര്‍ സഹിതം പോലീസ് പിടിച്ചെടുത്തു. രണ്ടു പേര്‍ക്കെതിരെ കേസ്

അന്‍വര്‍ എം.എല്‍.എയുടെ പരാതിക്കാരിയുടെ  എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തി. ട്രാക്ടര്‍ സഹിതം പോലീസ് പിടിച്ചെടുത്തു.  രണ്ടു പേര്‍ക്കെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെയുള്ള പരാതിക്കാരിയുടെ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തി. ട്രാക്ടര്‍ സഹിതം പോലീസ് പിടിച്ചെടുത്തു. രണ്ടു പേര്‍ക്കെതിരെ കേസ്. നമ്പര്‍ പ്ലേറ്റില്ലാത്ത ട്രാക്ടറാണ് മരംകടത്താന്‍ ഉപയോഗിച്ചത്. നിലമ്പൂര്‍ പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അന്‍വര്‍ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതത്. എ.കെ.എസ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എം.എല്‍.എക്കെതിരെയുള്ള പരാതിക്കാരിയായ ജയ മുരുഗേഷിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള റീഗള്‍ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിക്കരുതെന്ന് മഞ്ചേരി സബ് കോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മരങ്ങള്‍ മുറിക്കരുതെന്ന് പോലീസ് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മരം മുറിച്ചു കടത്തിയതോടെയാണ് പോലീസ് നടപടി.
പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ പി.വിഷ്ണു, എസ്.ഐ രാജേഷ് അയോടന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്റ്റേറ്റിലെത്തിയ പോലീസ് സംഘം ട്രാക്ടറില്‍ കയറ്റി കൊണ്ടുപോകാനായി ഒരുക്കിയ മരങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ ട്രാക്ടറിന്റെ ചാവിയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു. പകരം ഡ്രൈവറെ എത്തിച്ചാണ് മരമടങ്ങിയ ട്രാക്ടര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത ട്രാക്ടറാണ് മരംകടത്താന്‍ ഉപയോഗിച്ചത്. ലോറിയില്‍ കടത്തിയ ഒരു ലോഡ് മരം പിടിച്ചെടുക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരം മുറിക്കരുതെന്ന് കാണിച്ച് രണ്ടു തവണ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് എസ്റ്റേറ്റില്‍ നിന്നും തേക്കും റബര്‍ മരങ്ങളും മുറിച്ചത്. പരാതി ലഭിച്ചതോടെ പോലീസെത്തി മരം മുറി നിര്‍ത്തിവെപ്പിച്ചു. മരംമുറിക്കരുതെന്ന ഉത്തരവും രേഖാമൂലം നല്‍കി. ഈ ഉത്തരവ് ലംഘിച്ചാണ് രാത്രി തന്നെ വീണ്ടും മരം മുറി പുനരാരംഭിച്ചത്.
നേരത്തെ എസ്റ്റേറ്റില്‍ നിന്നും മരം മുറിച്ചു കടത്തിയ കേസിലും കുഴല്‍കിണര്‍ നശിപ്പിച്ച കേസിലും പ്രതികളാണ് എ.കെ.എസ് സിദ്ദിഖും കൈനോട്ട് അന്‍വര്‍ സാദത്തും. ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ 16 ഏക്കര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കോവിഡ് ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ചാണ് എസ്റ്റേറ്റ് കത്തിച്ചത്. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു. എം.എല്‍.എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ നിരന്തരം വേട്ടയാടുകയും എസ്റ്റേറ്റില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയുമാണെന്ന് ജയ മുരുഗേഷ് പറഞ്ഞു.

Sharing is caring!