മലപ്പുറത്തിന് അഭിമാന നിമിഷം; കോവിഡ് രോഗമുക്തരായി ആറുപേര്‍ കൂടി ആശുപത്രി വിട്ടു

മലപ്പുറത്തിന് അഭിമാന നിമിഷം;  കോവിഡ് രോഗമുക്തരായി ആറുപേര്‍ കൂടി ആശുപത്രി വിട്ടു

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഇന്ന് ആറ് പേര്‍ കൂടി രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി കോവിഡ് 19 സ്ഥിരീകരിച്ചവരാണ് രോഗം ഭേദമായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം തയ്യില്‍ ഷാഹുല്‍ (34 ), മെയ് 14ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി കൂത്തുപറമ്പില്‍ കെ.പി മുഹമ്മദ്റിഫാസ്(27), മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് പുളിക്കന്‍വീട്ടില്‍ പാലത്തുപടി പി.വി പ്രസാദ് (44), മാറഞ്ചേരി കാഞ്ഞിരമുക്ക് പഞ്ഞിക്കര ഹൗസ് ധര്‍മ്മരാജ്(49), മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം വെള്ളത്തൂര്‍ സിദ്ദിഖ് (61), താനാളൂര്‍ വെള്ളിയത്ത് സൈഫുദ്ദീന്‍ (33) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
അങ്ങാടിപ്പുറം സ്വദേശി അബുദബിയില്‍ നിന്നാണ് എത്തിയത്. തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായില്‍ നിന്നും എത്തിയവരാണ്. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയില്‍ നിന്നും താനാളൂര്‍ സ്വദേശി കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിയിരുന്നത്. ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീന ലാല്‍, ഡോ. ഇ. അഫ്‌സല്‍, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു എന്നിവര്‍ക്കൊപ്പം ഗ്രേഡ് ടു ജീവനക്കാരായ സജീഷ്‌കുമാര്‍, തങ്കം തുടങ്ങിയവര്‍ ചേര്‍ന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.

Sharing is caring!