പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം: പി.ഉബൈദുള്ള എം.എല്‍.എ

പ്രവാസികളുടെ ക്വാറന്റൈന്‍  ചെലവ് സര്‍ക്കാര്‍ വഹിക്കണം:  പി.ഉബൈദുള്ള എം.എല്‍.എ

മലപ്പുറം: നാട്ടില്‍ തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികളുടെയും ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പട്ടു.കേരള സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരേയും മുസ്ലിംലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു ലക്ഷത്തോളം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പാവങ്ങളുടെ ചെലവ് മാത്രമേ വഹിക്കൂ എന്ന് പറയുന്നത് നീതീകരിക്കാനാവില്ല.രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പ്രവാസികള്‍ മാസങ്ങളോളം പ്രവാസ ലോകത്ത് പ്രയാസമനുഭവിച്ചു നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ അവരില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന നടപടി ശരിയല്ല.

ഇതര സംസ്ഥാനങ്ങളില്‍ ധാരാളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.സ്വന്തമായി വാഹനങ്ങളില്‍ വരാന്‍ കഴിയാതെ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന മുഴുവനാളുകള്‍ക്കും നാട്ടില്‍ തിരിച്ചെത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്താകമാനമുള്ള ജനങ്ങള്‍ ഭീതിയില്‍ കഴിയുന്ന ഘട്ടത്തില്‍ പോലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയടക്കം വേട്ടയാടുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി വി.മുസ്തഫ,മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മന്നയില്‍ അബൂബക്കര്‍,നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്.ജമീല ടീച്ചര്‍, ഭാരവാഹികളായ ഹാരിസ് ആമിയന്‍,പി.കെ.ബാവ, ബഷീര്‍ മച്ചിങ്ങല്‍, പി.കെ.ഹക്കീം,കരടിക്കല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!