പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹായിയായ ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

പി.വി അന്‍വര്‍  എം.എല്‍.എയുടെ  സഹായിയായ   ലീഗ് നേതാവിന്  സസ്‌പെന്‍ഷന്‍

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹായിയായ നിലമ്പൂരിലെ മുസ്ലിം ലീഗ് നേതാവിനെ ലീഗ് സംസ്ഥാന കമ്മിറ്റി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കൈനോട്ട് അന്‍വര്‍ സാദത്തിനെയാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടി പദവികള്‍ ദുരുപയോഗം ചെയ്ത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിച്ച പി.വി അന്‍വറിനുവേണ്ടി ലീഗ് നേതാവ് താനൂരില്‍ പ്രചരണം നടത്തിയിരുന്നു. അന്‍വറിനെതിരെ പ്രചരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ താനൂരില്‍ ആക്രമിച്ച സംഭവത്തിലും കൈനോട്ട് അന്‍വര്‍ സാദത്തിന്റെ പങ്ക് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. എം.എല്‍.എയുടെ സുഹൃത്തായ സി.പി.എം പ്രവര്‍ത്തകന് അമരമ്പലം പഞ്ചായത്ത് കെട്ടിടത്തില്‍ മുറി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ഇയാള്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
അമരമ്പലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്ന പരാതിയുമുണ്ടായിരുന്നു.
കക്കാടംപൊയിലില്‍ പി.വി അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക അന്വേഷണയാത്രക്കെതിരെ കൈനോട്ട് അന്‍വര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് അക്രമണം നടത്തിയത്. ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണക്കെതിരായ പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം.പി വിനോദിനെ കക്കാടംപൊയിലില്‍ ആക്രമിച്ച സംഭവത്തില്‍ കൈനോട്ട് അന്‍വര്‍ക്കം അടക്കം അഞ്ചു പേര്‍ക്കെതിരെ താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കുകയും ചെയ്തിരുന്നു.
പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ ഫോണില്‍ വിളിച്ച് കൈയ്യുംകാലും വെട്ടുമെന്ന് ഭീഷണി മുഴക്കിയതിനും പാട്ടക്കരിമ്പ് റീഗള്‍ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയതിനും കുഴല്‍കിണര്‍ നശിപ്പിച്ചതുമടക്കം മൂന്നു കേസുകളിലെ പ്രതികൂടിയാണ് കൈനോട്ട് അന്‍വര്‍സാദത്ത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് റീഗള്‍ എസ്റ്റേറ്റ് തീയിട്ട സംഭവത്തില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതെ സംരക്ഷിക്കുകയായിരുന്നു പോലീസ്.

Sharing is caring!