മലപ്പുറം ഐക്കരപ്പടിയില്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു

മലപ്പുറം ഐക്കരപ്പടിയില്‍ സ്‌ഫോടനത്തില്‍  വീട് തകര്‍ന്നു

കൊണ്ടോട്ടി: ഐക്കരപ്പടി പുത്തുപ്പാടം ചുരക്കാവില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു.വീട്ടുകാര്‍ വിരുന്നു പോയതിനാല്‍ വന്‍ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് വീട്ടിനുള്ളില്‍ ഉഗ്രശബ്ദത്തില്‍ വന്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ ദൂരത്തില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ജനല്‍, വാതില്‍ കട്ടിള അടക്കം തെറിച്ചു വീണു. കോണ്‍ക്രീറ്റ് കൊണ്ടുള്ള മേല്‍ക്കൂര സ്ലാബ് ചുമരില്‍ നിന്നു അടര്‍ന്ന നിലയിാണ്. വീടിനുളളില്‍ വസ്തുക്കളും ചിതറിത്തെറിച്ചു. സ്‌ഫോടന ശബ്ദ കേട്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വീട് തകര്‍ന്നിരുന്നു. സംഭവസ്ഥലത്തെത്തിയവര്‍ ആകെ പകച്ചു. ഉടനെ കൊണ്ടോട്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടുക്കളയിലെ ഗ്യാസ് അടുപ്പില്‍ നിന്നുണ്ടായ ചോര്‍ച്ചയാകാം സ്‌ഫോടന കാരണമെന്ന നിഗമനത്തിലാണ് പോലീസ്്. പരിശോധന സമയത്ത് പാചകവാതകത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നു കൊണ്ടോട്ടി പോലീസ് പറഞ്ഞു. ഗ്യാസ് പരിശോധന വിഭാഗവും സ്ഥലത്തെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് നാട്ടുകാരിലെ ആശങ്കയകറ്റാന്‍ അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പുത്തുപ്പാടം സ്വദേശിയുടെതായ വീട്ടില്‍ അഞ്ചു വര്‍ഷത്തിലേറെയായി കാക്കഞ്ചേരി സ്വദേശികളായ ഒരു കുടുംബം വാടകക്ക് താമസിച്ചു വരികയാണ്. ഞായറാഴ്ച വൈകുന്നേരം കാക്കഞ്ചേരിയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു കുടുംബം. വീട്ടിലെ ഗൃഹനാഥന്‍ വിദേശത്താണ്. മാതാവും നാലു മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബം വീട്ടിലില്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Sharing is caring!