മലപ്പുറത്തെ 78,094 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി

മലപ്പുറം: ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടതിന്റെ ആവേശവും ആഹ്ലാദവും സ്നേഹപ്രകടനങ്ങളുമെല്ലം തത്ക്കാലം മാറ്റിവച്ച് വിദ്യാര്‍ഥികള്‍ ഇന്ന് പുനരാരംഭിച്ച എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ പരീക്ഷയെഴുതി. കോവിഡ് ആശങ്കകള്‍ക്കിടെ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് എത്തിയത്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ജില്ലയില്‍ പരീക്ഷ നടന്നത്. ജില്ലയിലെ 295 കേന്ദ്രങ്ങളിലായി 78,094 വിദ്യാര്‍ഥികള്‍ എസ്.എസ് എല്‍.സി പരീക്ഷയും 27 കേന്ദ്രങ്ങളിലായി 7,500 വിദ്യാര്‍ഥികള്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതി. ജില്ലയിലെ ചില വിദ്യാര്‍ഥികള്‍ സ്വദേശമായ ലക്ഷദ്വീപിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും പരീക്ഷ എഴുതിയിട്ടുണ്ട്.
തെര്‍മ്മല്‍ സ്കാനിങിന് വിധേയരാക്കിയതിന് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെര്‍മ്മല്‍ സ്കാനര്‍ സംവിധാനം ഒരുക്കിയിരുന്നു. 300 കുട്ടികള്‍ക്ക് ഒരു തെര്‍മ്മല്‍ സ്കാനര്‍ എന്ന വിധത്തിലാണ് പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിരുന്നത്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കിയിരുന്നു. ഹാളില്‍ കയറുന്നതിന് മുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്കി. മുഴുവന്‍ വിദ്യാര്‍ഥികളും മാസ്ക് ധരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഹാളില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ഥികളെ ഇരുത്തുന്നതിനും ശ്രദ്ധനല്കിയിരുന്നു. 20 വിദ്യാര്‍ഥികളെയാണ് ഓരോ പരീക്ഷ ഹാളിലും പരീക്ഷയ്ക്കിരുത്തിയത്. പരീക്ഷാ എഴുതാനാവശ്യമായ സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ പരസ്പരം കൈമാറുന്നതും സഹപാഠികളുമായി ഇടപഴകുന്നതും ഹസ്തദാനവുമെല്ലാം കര്‍ശനമായി വിലക്കിയിരുന്നു. വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിക്കുന്നതിനായി അതത് സ്കൂളുകളിലെയും തൊട്ടടുത്ത പ്രൈമറി വിദ്യാലയങ്ങളിലെയും ബസുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.
പരീക്ഷാ ചുമതലയിലുള്ള അധ്യാപകരും കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മാസ്കും ഗ്ലൗസും ധരിച്ചുമാണ് അധ്യാപകരും പരീക്ഷാകേന്ദ്രങ്ങളിലെത്തിയത്. ചുമതലയിലുള്ള അധ്യാപകരെല്ലാം പരീക്ഷ കേന്ദ്രങ്ങളിലെത്തണമെന്നായിരുന്നു നിര്‍ദേശം. പരീക്ഷ ചുമതലയിലുള്ള അധ്യാപകര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനായി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് നേരത്തെ തന്നെ നല്‍കിയിരുന്നു.പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാനുള്ള നടപടി പൊലീസും സ്വീകരിച്ചിരുന്നു. പരീക്ഷ ഹാളുകള്‍, ടോയ്ലറ്റുകള്, കിണറുകള്‍ എന്നിവിടങ്ങളെല്ലാം ഫയര്‍ഫോഴ്സ് നേരത്തെ തന്നെ അണുവിമുക്തമാക്കിയതും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് കരുത്തേകിയിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ പുറത്തിറക്കിയതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു.
ആരോഗ്യ ജാഗ്രത പാലിച്ച് നിലമ്പൂരിലെ
39 ആദിവാസി കുട്ടികള്‍ പരീക്ഷയെഴുതി
കോവിഡ് ആശങ്കകള്‍ക്കിടെ പുനരാരംഭിച്ച എസ്.എസ്.എല്‍.സി, വി.എച്ച്.എസ് .സി പരീക്ഷകള്‍ എഴുതാന്‍ നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നായി 39 വിദ്യാര്‍ഥികള്‍ എത്തി. കാട്ടുനായ്ക്ക, ചോലനായ്്ക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളാണ് നിലമ്പൂര്‍ ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂളില്‍ പരീക്ഷക്കെത്തിയത്. നിലമ്പൂരിലെ അപ്പന്‍കാവ്, കുമ്പളപ്പാറ, പുറ്റള, മുണ്ടക്കടവ്, ചെമ്പ്ര, പുഞ്ചക്കൊല്ലി, മാഞ്ചീരി, പാലക്കയം, പാട്ടക്കരിമ്പ്, അടക്കാക്കുണ്ട്,ചേരി, തണ്ടന്‍കല്ല് വനത്തിലുള്ള കോളനികളില്‍ നിന്നുള്ള കുട്ടികളെയാണ് പരീക്ഷക്കെത്തിച്ചത്. പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചത്. പട്ടികവര്‍ഗവികസന വകുപ്പിന്റെയും വാടകയ്ക്കെടുത്ത വാഹനങ്ങളിലുമായാണ് കുട്ടികളെ എത്തിച്ചത്. പരീക്ഷയ്ക്ക് മുമ്പ് സ്ഥാപനങ്ങളിലെത്തിയ കുട്ടികള്‍ക്ക് സാമൂഹിക അകലം പാലിച്ച് താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യവും പോഷക സമൃദ്ധമായ ഭക്ഷണവും മാസ്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നതിനുള്ള 59 കുട്ടികളില്‍ 57 പേരെയും പരീക്ഷയ്ക്കായി എത്തിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്ക് അസുഖമുള്ളതിനാല്‍ അതത് ദിവസം പരീക്ഷ എഴുതി തിരിച്ച് കോളനിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെ നിര്‍ദേശപ്രകാരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെയും എസ്.ടി പ്രമോട്ടര്‍മാരുടെയും പ്രവര്‍ത്തനങ്ങളും ഇവരെ പരീക്ഷക്ക് സ്കുളുകളിലെത്തിക്കുന്നതിന് സഹായകമായി.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.