മലപ്പുറം ജില്ലയില്‍ നാളെ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 78,094 വിദ്യാര്‍ഥികള്‍

മലപ്പുറം ജില്ലയില്‍  നാളെ എസ്.എസ്.എല്‍.സി  പരീക്ഷയെഴുതുന്നത് 78,094 വിദ്യാര്‍ഥികള്‍

മലപ്പുറം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിര്‍ത്തിവച്ച എസ്.എസ്.എല്‍.സി – പ്ലസ് വണ്‍ പരീക്ഷകള്‍ നാളെ പുന:രാരംഭിക്കാനിരിക്കെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പഴുതടസുരക്ഷാക്രമീകരണങ്ങള്‍. ജില്ലയിലെ 295 ഹൈസ്‌കൂള്‍ പരീക്ഷ കേന്ദ്രങ്ങളിലും 230 ലധികം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ കേന്ദ്രങ്ങളിലുമായി കോവിഡ് 19 പ്രതിരോധ മുന്നൊരുക്കങ്ങളായി. പരീക്ഷ കേന്ദ്രങ്ങളായ സ്‌കൂളുകളില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സജ്ജീകരണങ്ങള്‍ വിലയിരുത്തുകയും പരീക്ഷ ദിവസങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അന്തിമരൂപമുണ്ടാക്കുകയും ചെയ്തു. ജില്ലയില്‍ 78,094 വിദ്യാര്‍ഥികളാണ് എസ്.എസ് എല്‍.സി പരീക്ഷ എഴുതുന്നത്. രണ്ടേകാല്‍ ലക്ഷം പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാര്‍ഥികളുമുണ്ട്. 7,500 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ജില്ലയിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ സ്വദേശമായ ലക്ഷദ്വീപിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും പരീക്ഷ എഴുതും.
എസ്.എസ്.എല്‍.സി – പ്ലസ് വണ്‍ പരീക്ഷകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമ്പോള്‍ പ്ലസ്ടു പരീക്ഷകള്‍ മറ്റെന്നാള്‍ തുടങ്ങും. എസ്.എസ്.എല്‍.സി – പ്ലസ് വണ്‍ പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവും പ്ലസ് ടു പരീക്ഷ രാവിലെയുമാണ് നടക്കുക. ഓരോ പരീക്ഷ ഹാളിലും സാമൂഹിക അകലം പാലിച്ച് 20 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തും. വിദ്യാര്‍ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കാന്‍ അതത് സ്‌കൂളുകളിലെ ബസുകള്‍ ഉപയോഗിക്കും. ആവശ്യമെങ്കില്‍ സമീപത്തെ പ്രൈമറി വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗപ്പെടുത്തും. അത്യാവശ്യ ഘട്ടത്തില്‍ ബസുകള്‍ വാടകയ്ക്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഓരോ പരീക്ഷ കേന്ദ്രത്തിലും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പ്രത്യേക പ്രവേശന കവാടം നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ ബോധവത്ക്കരണ ബോര്‍ഡുകളും പരീക്ഷ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു.

പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചു പോകുന്നതിനും നിബന്ധനകളുണ്ട്. സാനിറ്റൈസര്‍, മാസ്‌ക്ക്, ഗ്ലൗസ് എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കും. പരീക്ഷാഹാളിലേക്ക് പ്രവേശിക്കും മുമ്പ് എല്ലാവരെയും തെര്‍മ്മല്‍ സ്‌കാനിങിന് വിധേയരാക്കും. 300 കുട്ടികള്‍ക്ക് ഒരു തെര്‍മ്മല്‍ സ്‌കാനര്‍ എന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയെല്ലാം പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചതായും സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം പറഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ഭയവും ആശങ്കയുമില്ലാതെ പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കിയതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമാക്കി.

ചുമതലയിലുള്ള അധ്യാപകരെല്ലാം പരീക്ഷ കേന്ദ്രങ്ങളിലെത്തണമെന്നാണ് നിര്‍ദേശം. പരീക്ഷക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ അനുമതി ലഭിച്ചാല്‍ അവരവരുടെ സ്ഥാനങ്ങളില്‍ മാത്രം ഇരിക്കണമെന്നും സഹപാഠികളുമായി ഇടപഴകാന്‍ പാടില്ലെന്നും ഇക്കാര്യങ്ങളില്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. പരീക്ഷ ചുമതലയിലുള്ള അധ്യാപകര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനായി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. പരീക്ഷ ഹാളുകള്‍, ടോയ്ലറ്റുകള്‍, കിണറുകള്‍ എന്നിവിടങ്ങളെല്ലാം ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കിയിട്ടുണ്ട്. പനി ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ ഉത്തരക്കടലാസുകള്‍ പ്രത്യേക പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാനാണ് തീരുമാനം.

Sharing is caring!