കരിപ്പൂരിലേക്ക് നാളെ മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍; ജാ​ഗ്രതയോടെ ആരോ​ഗ്യവകുപ്പ്

കരിപ്പൂരിലേക്ക് നാളെ മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍; ജാ​ഗ്രതയോടെ ആരോ​ഗ്യവകുപ്പ്

കരിപ്പൂർ: ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നാളെ മൂന്ന് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ബാംഗ്ലൂര്‍, മുബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ എത്തിക്കുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.25 നും മുബൈയില്‍ നിന്ന് രാവിലെ 10 നും ബാഗ്ലൂരില്‍ നിന്നുള്ള പ്രത്യേക വിമാനം വൈകുന്നേരം 4.20 നും എത്തുമെന്നാണ് വിവരം.

ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍3 3 മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടിയില്‍ മലപ്പുറം സ്വദേശികളായ 33 പേര്‍ തിരിച്ചെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവരില്‍ ഒരാളെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പ്രത്യേക വാഹനങ്ങളില്‍ ജില്ലയിലെത്തിച്ച 32 പേര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലുമായി പ്രത്യേക നിരീക്ഷണത്തിലാണ്.

പ്രവാസികളുടെ യാത്രവിവരങ്ങളറിയാന്‍ ‘ജ്യോതി’ യിലേക്ക് വിളിക്കാം

വിദേശരാജ്യങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാവിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ ‘ജ്യോതി’ പദ്ധതിയ്ക്ക് തുടക്കമായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇതിന്റെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങി. 7736201213 എന്ന നമ്പറില്‍ വിളിച്ചാല്‍ പ്രവാസികള്‍ തിരിച്ചെത്തുന്ന വിമാനം, സമയം, വിമാനത്താവളം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും.

Sharing is caring!