ഇനി പറയരുത് നോമ്പ് കാലത്ത് മലപ്പുറത്ത് ഭക്ഷണം ലഭിക്കില്ലെന്ന്; കുപ്രചരണങ്ങളെ പൊളിച്ചടുക്കി മഅദിൻ അക്കാദമി

ഇനി പറയരുത് നോമ്പ് കാലത്ത് മലപ്പുറത്ത് ഭക്ഷണം ലഭിക്കില്ലെന്ന്; കുപ്രചരണങ്ങളെ പൊളിച്ചടുക്കി മഅദിൻ അക്കാദമി

മലപ്പുറം: നോമ്പ് കാലമായാൽ മലപ്പുറത്ത് ഭക്ഷണം കിട്ടില്ലെന്ന കുപ്രചരത്തിന് മുഖത്തടിച്ച മറുപടിയായിരുന്നു ഇത്തവണ അവശ്യക്കാർക്ക് ഭക്ഷണവുമായി മുന്നിട്ടിറങ്ങിയ മഅദിൻ അക്കാദമിയുടേത്. ലോക്ക്ഡൗൺ മൂലം ഹോട്ടലുകൾ വരെ അടച്ചിട്ടിരുന്ന സമയത്ത് കോവിഡ് ഡ്യൂട്ടിയിലായിരുന്ന മലപ്പുറത്തെ ഓരോരുത്തരേയും സ്നേഹവിരുന്നൂട്ടിയത് ഇത്തവണ മഅദിൻ ആയിരുന്നു. ആവശ്യക്കാർക്കുള്ള ഭക്ഷണ പൊതികളുമായി എന്നും കൃത്യം അഞ്ച് മണിക്കും, ആറു മണിക്കും ഇടയ്ക്ക് മഅദിന്റെ വാഹനം എത്തുമായിരുന്നു.

ലോക്ക്ഡൗണും റമളാനും ഒന്നിച്ച് വന്നപ്പോൾ ഏറ്റവും പ്രയാസം നേരിടേണ്ടി വരേണ്ടവരായിരുന്നു മലപ്പുറത്തെ അവശ്യ ജീവനക്കാർ. റമദാൻ ഒന്ന് മുതൽ മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്‌റ്റേഷൻ, ഡ്യൂട്ടിയിലുള്ള പോലീസുകാർ, കളക്ട്രേറ്റ് ജീവനക്കാർ, എം.എസ്.പി, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി, മാധ്യമപ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വിവിധ തരം ഇഫ്ത്വാർ കിറ്റുകളാണ് എത്തിച്ചു നൽകിയത്. ബിരിയാണി, പത്തിരി, വിവിധ തരം പൊരികൾ, മധുര പാനീയം തുടങ്ങിയ വിഭവങ്ങളാണ് കിറ്റിലുണ്ടാവുക.

ലോക്ക്ഡൗൺ കാലത്ത് ഹോട്ടലുകളും പള്ളികളും അടക്കപ്പെട്ടതോടെ മഅദിൻ ഇഫ്ത്വാർ അവശ്യ ജീവനക്കാർക്ക് വളരെയധികം ഉപകാരപ്രദമായി. ദിവസവും 250 പേർക്കുള്ള വിഭവങ്ങളാണ് അവരുടെ ജോലി സ്ഥലത്തേക്ക് മഅദിൻ അക്കാദമി വളണ്ടയർമാർ എത്തിച്ച് നൽകിയത്. മഅദിൻ മീഡിയ കോ-ഓർഡിനേറ്റർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ഷാഫി ഫാളിലി, ഇഫ്ത്വാർ കോ-ഓർഡിനേറ്റർ അബ്ദുറഹ്്മാൻ ചെമ്മങ്കടവ്, ശഹീർ സഖാഫി കണ്ണൂർ, സൈഫുദ്ധീൻ പൈത്തിനിപ്പറമ്പ്, ഹംസ അദനി പൊട്ടിക്കല്ല് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വത്തിലായിരുന്നു ഇത്. നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ നോമ്പ്കാലം വരെ വിവിധ മധുര പാനീയങ്ങൾ വിതരണം നടത്തിയിരുന്നു.

നാടിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായി പ്രവർത്തിക്കുന്ന അവശ്യ ജീവനക്കാർക്ക് പിന്തുണ നൽകേണ്ടത് മനുഷ്യ സ്‌നേഹികളുടെ കടമയാണെന്നും ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ കൂട്ടായ പ്രയത്‌നം നടത്തുന്നവരെ അഭിനന്ദിക്കുന്നുവെന്നും ഈ കൂട്ടായ്മയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.

Sharing is caring!