കൊവിഡ് കാലത്തെ നാം അതിജീവിക്കും; ഈദ് സന്ദേശവുമായി ബുഖാരി തങ്ങൾ

കൊവിഡ് കാലത്തെ നാം അതിജീവിക്കും; ഈദ് സന്ദേശവുമായി ബുഖാരി തങ്ങൾ

മഅദിൻ അക്കാദമി ചെയർമാനും
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ഈദ് സന്ദേശം

മലപ്പുറം: ഏറെ വ്യത്യസ്തമായൊരു നോമ്പു കാലം കഴിഞ്ഞ് പെരുന്നാൾ എത്തിയിരിക്കുന്നു. റമളാനിന്റെ ചൈതന്യമായ ആന്തരികവും ബാഹ്യവുമായ അച്ചടക്കം പാലിച്ച് മുപ്പത് ദിന രാത്രങ്ങൾ പൂർത്തിയാക്കിയവർ നിഷ്ഠകളുടെ പുതിയൊരു കാലത്തേക്കാണ് കടക്കുന്നത്. ഇനിയുള്ള കുറച്ചു കാലമെങ്കിലും നമ്മുടെ ജീവിതം കൊവിഡിനൊപ്പമാണ്. ശീലങ്ങൾ മാറേണ്ട ദിനങ്ങൾ. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തികഞ്ഞ സാമൂഹ്യ ബോധവും അച്ചടക്കവും പാലിക്കാനുള്ളതാവണം പെരുന്നാൾ പ്രതിജ്ഞകൾ. സമൂഹത്തോടും ചുറ്റുപാടുകളോടും ഉള്ള ഉത്തരവാദിത്തം നിർവ്വഹിക്കുമെന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം.

പെരുന്നാളിന്റെ ഹൃദയമായ കൂടിച്ചേരലുകൾക്ക് നിയന്ത്രണമുണ്ട്. വിശ്വാസികളെന്ന നിലയിൽ ഇവ പാലിക്കൽ ഓരോരുത്തരുടേയും നിർബന്ധ ബാധ്യതയാണ്. എന്നാൽ കനിവും കരുതലും വേണ്ടവർക്ക് അവ നൽകുന്നതിന് ഒരു മുടക്കവും ഉണ്ടാവരുത്. മഹാമാരിയാൽ കഷ്ടപ്പെടുന്നവർക്ക് എല്ലാ അർത്ഥത്തിലും ആശ്വാസം പകരാൻ വഴികൾ കണ്ടെത്തണം. കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് മാനസികമായ ധൈര്യം പകരണം. വിവിധ രോഗ പീഢകളിൽ കഴിയുന്നവർക്ക് കനിവെത്തണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഇത് സാധ്യമാണ്. സാങ്കേതിക രംഗത്തെ സധ്യതകൾ ഇതിനായി ഉപയോഗപ്പെടുത്തണം. സാർവ്വത്രികമായ സാമൂഹ്യ മാധ്യമ ഇടപെടലുകളിൽ ധാർമികതയുടെ ചൈതന്യം നിറയണം.

മനമുരുകിയുള്ള റമളാൻ പ്രാർത്ഥനകളിൽ നിന്നു ലഭിച്ച ആത്മീയോർജ്ജം പുതിയ കാലത്തെ വിവേകത്തോടെ നേരിടാനുള്ള ശക്തി പകരട്ടെയെന്നു പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ചിറകിൽ നാം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും, അതാണ് മനുഷ്യാനുഭവം.

Sharing is caring!