ലോക്ക് ഡൗണില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മലപ്പുറത്തെ 21,583 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി

ലോക്ക് ഡൗണില്‍  മൂന്നാഴ്ചയ്ക്കുള്ളില്‍  മലപ്പുറത്തെ 21,583  കുടുംബങ്ങള്‍ക്ക്  തൊഴില്‍ നല്‍കി

മലപ്പുറം: ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും കുറഞ്ഞവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് തൊഴിലുറപ്പ് പദ്ധതി. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചകൊണ്ട് പുനരാരംഭിച്ച തൊഴിലുറപ്പ് പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് പരമാവധി തൊഴിലും വരുമാനവും ഉറപ്പാക്കി. 21,583 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് പദ്ധതിയിലൂടെ തൊഴില്‍ നല്‍കിയത്. ഏകദേശം അഞ്ച് കോടി രൂപയുടെ വരുമാനമാണ് ഈ കുടുംബങ്ങള്‍ക്ക് ഉറപ്പു വരുത്തിയത്. കൂടാതെ മുന്‍ വര്‍ഷത്തെ വേതന കുടിശ്ശികയായ 57 കോടി രൂപയും വിതരണം ചെയ്തു. കോവിഡ് 19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 94 ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് തൊഴിലുറപ്പു പ്രവൃത്തികള്‍ വ്യാപകമായി പുനരാരംഭിച്ചത്.
കാലവര്‍ഷത്തിന് മുമ്പ് തന്നെ ഒരു കുടുംബത്തിന് പരമാവധി 25 ദിവസം തൊഴില്‍ നല്‍കുന്ന രീതിയില്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കനാലുകളിലും തോടുകളിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍, ആഴം കൂട്ടല്‍, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുളള പാര്‍ശ്വഭിത്തി സംരക്ഷണം, പ്രളയ ജലം ഒഴുക്കി വിടുന്ന ചാലുകളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
കുളം, കിണര്‍, ആട്ടിന്‍കൂട്, തൊഴുത്ത് കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റ്, കിണര്‍ റീചാര്‍ജിങ്, തരിശു ഭൂമി കൃഷിയോഗ്യമാക്കല്‍, ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളും പദ്ധതി മുഖേന നടപ്പിലാക്കി വരുന്നു. ഓരോ വാര്‍ഡിലും ചുരുങ്ങിയത് 50 വീതം കമ്പോസ്റ്റ് പിറ്റുകള്‍, സോക്പിറ്റുകള്‍, സ്‌കൂള്‍ ശൗചാലയങ്ങള്‍, പട്ടികജാതി കോളനികളിലെ ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയ്ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവൃത്തികളും ഈ വര്‍ഷം നടപ്പിലാക്കും.

Sharing is caring!