കൈ കാണിച്ചാല്‍ സാനിറ്റൈസര്‍ കൈകളിലെത്തും; ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സ്‌പ്രേയറുമായി വേങ്ങരയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി

കൈ കാണിച്ചാല്‍  സാനിറ്റൈസര്‍ കൈകളിലെത്തും; ഓട്ടോമാറ്റിക് സാനിറ്റൈസര്‍  സ്‌പ്രേയറുമായി വേങ്ങരയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി

മലപ്പുറം: ലോക്ഡൗണില്‍ വിദ്യാര്‍ഥികളൊക്കെ വെറുതെ മൊബൈല്‍ ഫോണില്‍ നോക്കി കുത്തിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ അതൊരു വെറും വാക്കാവും. ക്ലാസില്‍ കേട്ട പലതും ലോക്ഡൗണ്‍ കാലത്ത് പരീക്ഷിച്ചറിയാന്‍ ശ്രമിച്ചവരും കൂട്ടത്തിലുണ്ട്. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് റസീമും നടത്തി ഒരു വേറിട്ട പരീക്ഷണം. കൈ കാണിച്ചാല്‍ സാനിറ്റൈസര്‍ കൈകളിലേക്ക് പകര്‍ന്ന് തരുന്ന ഒരു ‘റോബോട്ട്’. ചില്ലറ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സ്‌പ്രേയര്‍ റസീം ഒരുക്കിയിട്ടുള്ളത്. മെഷീന്‍ എന്നൊക്കെ പറഞ്ഞാലും സാധാരണ ഒരു സാനിറ്റൈസര്‍ ബോട്ടിലില്‍ ഘടിപ്പിക്കാവുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനമെന്നതാണ് പ്രത്യേകത.
ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പലയിടത്തും സാനിറ്റൈസര്‍ ബോട്ടിലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും ബോട്ടിലുകള്‍ കൈകളിലെടുത്ത് ഉപയോഗിക്കുന്നതാണ് നിലവിലെ സാഹചര്യം. ഇതിന് ബദലായാണ് ഓട്ടോമാറ്റിക് സംവിധാനമുള്ള ബോട്ടില്‍ സംവിധാനം റസീം ഒരുക്കിയിട്ടുള്ളത്. ബോട്ടിലില്‍ സ്പര്‍ശിക്കാതെ തന്നെ സാനിറ്റൈസര്‍ കൈകളിലേക്ക് പകരാന്‍ ഈ സംവിധാത്തിന് കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ തുറക്കുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ ഇത്തരം ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സംവിധാനം ഒരുക്കുന്നത് വഴി കൂടുതല്‍ സുരക്ഷിത്വം ഉറപ്പാക്കാന്‍ കഴിയുമെന്ന് റസീം പറയുന്നു. ഏതൊരു ബോട്ടിലിലും ഘടിപ്പിക്കാവുന്ന ഈ സംവിധാനത്തിന് പരമാവധി 200 രൂപ മാത്രമാണ് ചെലവ്.
കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ റസീം എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയത്. വീട്ടിലിരുന്നും സാമൂഹത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതാണ് ഈ യുവ വിദ്യാര്‍ഥി നല്‍കുന്ന പാഠം. അധ്യാപകനായ അനീസ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ വി. മഞ്ജു എന്നിവര്‍ റസീമിന് പൂര്‍ണ പിന്തുണ നല്‍കി. കൂരിയാട് പരേതനായ ഉള്ളാടന്‍ സൈതലവിയുടെയും ഖമര്‍ബാനുവിന്റെയും നാല് മക്കളില്‍ മൂന്നാമനാണ് മുഹമ്മദ് റസീം.

Sharing is caring!