ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19, ആകെ രോഗബാധിതരായവരുടെ എണ്ണം 50 കടന്നു

മലപ്പുറം: ജില്ലയിൽ നാല് പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നെത്തിയ നിറമരുതൂർ ജനതാ ബസാർ സ്വദേശി 42 കാരൻ, അബുദാബിയിൽ നിന്നെത്തിയവരായ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരൻ, പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി 34 കാരൻ, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവരിൽ മൂന്ന് പേർ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും നിറമരുതൂർ ജനതാബസാർ സ്വദേശി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.
നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ള നിറമരുതൂർ ജനതാ ബസാർ സ്വദേശി തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. മെയ് ഒമ്പതിന് ഖത്തറിൽ നിന്നുള്ള ഐ.എക്സ് – 476 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മെയ് 10 ന് പുലർച്ചെ രണ്ട് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. പരിശോധനകൾക്കു ശേഷം കോഴിക്കോട് സർവ്വകലാശാല ഇന്റർനാഷണൽ ഹോസറ്റലിലെ കോവിഡ് കെയർ സെന്ററിൽ എത്തിച്ച ശേഷം ആരേഗ്യ പരിശോധനകൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.
മറ്റ് മൂന്ന് പേരും അബുദബിയിൽ നിന്ന് മെയ് 16 ന് പുലർച്ചെ രണ്ട് മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഐ.എക്സ് – 348 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ്. ഇവരിൽ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല സ്വദേശിയെ വിമാനത്താവളത്തിൽവച്ചുതന്നെ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭര്യക്കും അമ്മക്കും മകൾക്കുമൊപ്പമാണ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി തിരിച്ചെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾക്കു ശേഷം ഇവർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ മെയ് 18 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏലംകുളം പാലത്തോൾ സ്വദേശിന് വിമാനത്താവളത്തിൽ നിന്ന് മലപ്പുറത്തെ ശിക്ഷക് സദനിലെ കോവിഡ് കെയർ സെന്ററിൽ എത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് രോഗലക്ഷണങ്ങൾ കണ്ടതോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 51 ആയി. 29 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു. മഞ്ചേരിയിൽ ചികിത്സയിലുള്ള ഒരാൾ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി