മലപ്പുറം മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വാകപ്പൂ വസന്തത്തെ പ്രകീര്‍ത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയും
മലപ്പുറം: മലപ്പുറം മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വാകപ്പൂ വസന്തത്തെ പ്രകീര്‍ത്തിച്ച് കേന്ദ്ര
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ്
വാകകള്‍ ചുവപ്പ് പരവതാനി വിരിച്ച മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്റെ ചിത്രം അദ്ദേഹം ഷെയര്‍ ചെയ്തിട്ടുള്ളത്.
”പ്രകൃതിയുടെ കലവിരുത്, പൂക്കള്‍ക്കൊണ്ട് പരവതാനി വിരിച്ച നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയിലെ
മലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, കഥാപുസ്തകങ്ങളില്‍ മാത്രം കണ്ടുശീലിച്ച ചിത്രംപോലെയുള്ള മനോഹരമായൊരു കാഴ്ച്ച” എന്നാണ് കേന്ദ്ര
റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ചെയ്ത് പോസ്റ്റ്‌ചെയ്തത്.
വാകകള്‍ ചുവപ്പ് പരവതാനി വിരിച്ച ഒരു റെയില്‍വേ സ്റ്റേഷന്റെ ചിത്രമാണ് കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്- മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍.ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയിലെ സ്റ്റേഷന്‍. പലരും പ്രിയപ്പെട്ട ഈരടികള്‍ക്കൊപ്പം ചിത്രങ്ങളും ചേര്‍ത്ത് ഫേസ്ബുക് വാട്‌സാപ്പ് സ്റ്റാറ്റസുകളാക്കി. തലേന്ന് പെയ്ത മഴയുടെ നനവുള്ള; പ്ലാറ്റ്‌ഫോം, ഇളംപച്ചത്തോട് പൊട്ടിച്ചു നിലത്തുവീണ പ്രണയചുവപ്പുള്ള പൂക്കള്‍, തീവണ്ടിയുടെ ചൂളം വിളിക്ക് കാതോര്‍ക്കുന്ന ആള്‍ത്തിരക്കു കാക്കുന്ന ഒരു സിമന്റ് ബെഞ്ചും. ലോക്ഡൗണില്‍ കുടുങ്ങിയ മലയാളിയുടെ ഗൃഹാതുരതയെയാണ് ചിത്രങ്ങള്‍ തൊട്ടുണര്‍ത്തിയത്
കാഴ്ചകളാല്‍ സമ്പന്നമാണ് ഷൊര്‍ണുര്‍ -നിലമ്പൂര്‍ പാതയിലെ യാത്ര. രാജ്യത്തെതന്നെ ഏറ്റവും മനോഹരമായ റെയില്‍ പാതകളില്‍ ഒന്ന്.ദൈര്‍ഖ്യം കുറഞ്ഞ ബ്രോഡ്‌ഗേജ്; പാത 66കിലോമീറ്റര്‍ ഇരുവശങ്ങളിലും തേക്കും ആലും തണല്‍ വിരിക്കുന്ന പച്ചത്തുരുത്ത്. അതിനിടയിലൂടെ ചൂളം വിളിച്ചു വരുന്ന പാസഞ്ചര്‍ ട്രെയിന്‍ അതിസുന്ദരമെന്ന് ഇതിനു മുമ്പും കേന്ദ്ര റെയില്‍ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കൂട്ടിന് മണ്‍സൂണ്‍ തുള്ളികളുമുണ്ടെങ്കില്‍ ആ യാത്ര മറക്കില്ലൊരിക്കലും.
ഷൊര്‍ണൂരിനും നിലമ്പൂരിനും ഇടയില്‍; 10സ്റ്റേഷനുകള്‍ ആണ് പാതയില്‍ ഉള്ളത്. ചെറുതും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതും ആയവ. വാടാനാംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂര്‍, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍, തൊടിയപ്പുലം, വാണിയമ്പലം. ഷൊര്‍ണൂരിന്റെ തിരക്ക് വിട്ടാല്‍ പിന്നെ ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെയാണ് യാത്ര. വിന്‍ഡോ സീറ്റില്‍ ഇരുന്ന് നോക്കുമ്പോള്‍ പുറകോട്ടു ഓടി മറയുന്ന പാടങ്ങളും പുഴകളും വലിയ പാറക്കെട്ടുകളും,വീടിന് മുറ്റത്തു നിന്ന് റ്റാറ്റ തരുന്ന കുഞ്ഞിക്കൈകള്‍, ട്രെയിനിന്റെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ എന്നവണ്ണം കരയുന്ന മയിലുകള്‍, സ്റ്റേഷനില്‍ ഉള്ള ആല്‍ മരങ്ങളില്‍ ഊഞ്ഞാലാടുന്ന കുരങ്ങുകള്‍. ദിവസവും കാണുമെങ്കിലും മതി വരാത്ത എത്രയെത്ര കാഴ്ചകള്‍ അതിലും രസകരമാണ് ട്രെയിനിന് ഉള്ളില്‍. സ്ഥിരം യാത്രയിലൂടെ രൂപപ്പെട്ട സൗഹൃദങ്ങള്‍, ഫോര്‍മുലകള്‍ കാണാതെ പഠിക്കുന്ന വിദ്യാര്‍ഥികള്‍,ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകര്‍, കടലേ… ഇഞ്ചിമിട്ടായ്…’ വിളികേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ചിണുങ്ങലുകള്‍… ശാസനകള്‍… (ഇത് ഒരുമാതിരി എല്ലാ ട്രെയിനുകളിലും ഉണ്ടാവാറുണ്ട് ), ഈ ബഹളങ്ങള്‍ ഒന്നും അറിയാതെ സ്വസ്ഥമായി പ്രണയിച്ചിരിക്കുന്നവര്‍.
നാല് പുഴകളാണ് പോകും വഴി ഉള്ളത്. കുലുക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴ, പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള വെള്ളിയാര്‍ പുഴ,മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള ഒലിപ്പുഴ, വാണിയമ്പലത്തിനും നിലമ്പൂര്‍ റോഡിനും ഇടയിലുള്ള കുതിരപ്പുഴ. അങ്ങാടിപ്പുറമാണ് കൂട്ടത്തിലെ ഒരു പ്രധാന സ്റ്റേഷന്‍.&ിയുെ; ഒരുപാട് സിനിമകളുടെ ലൊക്കേഷന്‍. കൃഷ്ണഗുഡി എന്ന് പറഞ്ഞാല്‍ പെട്ടന്ന് മനസ്സിലാവും. ഏറ്റവും പ്രശസ്തം നിലമ്പൂര്‍ തന്നെ. കാടിന്റെ കുളിരുള്ള ചെറിയ പട്ടണം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടം നിലമ്പൂരാണ്. കനോലി പ്ലോട്ട് എന്ന ഇവിടേക്ക് നിലമ്പൂര്‍ പട്ടണത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും ഇവിടെയാണ്. ആഢ്യന്‍പാറ വെള്ളച്ചാട്ടം മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ്
നിലമ്പൂരില്‍ നിന്ന് തേക്കും ഈട്ടിയും കടത്താന്‍ 1921ലാണ് ബ്രിട്ടീഷുകാര്‍ ഷൊര്‍ണുര്‍ നിലമ്പൂര്‍ പാത പണിതത്.; രണ്ടാംലോക മഹായുദ്ധ കാലത്ത് ഏക്കറു കണക്കിന് തേക്ക് മുറിച്ചു കടത്തി. പിന്നീട് യുദ്ധത്തില്‍ ഇരുമ്പ് അവശ്യം വന്നപ്പോള്‍ അവര്‍ തന്നെ പാളം മുറിച്ചു കൊണ്ടുപോയി. പിന്നീട് 1954ല്‍ പുനഃസ്ഥാപിച്ചു.
ഷൊര്‍ണുറിനും നിലമ്പൂരിനും ഇടയില്‍ 14 ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. അതായത് ഒരു നാട്ടിന്‍പുറത്ത് നിന്ന് മറ്റൊരു നാട്ടിന്‍പുറത്തേക്കു ഉള്ള യാത്രയാണ് ഈ 66 കിലോമീറ്റര്‍. അടുത്ത മില്ലില്‍ കൊപ്ര ആട്ടാന്‍ പോകുന്ന വലിയുമ്മയെയും എറണാകുളത്തേക്ക് പോകുന്ന ടെക്കിയേയും ഒരേ സീറ്റില്‍ കാണാം.
ഇറയത്തെ നിഴല്‍ നോക്കി സമയം പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീടത് അടുത്തുള്ള വലിയ കമ്പനികളുടെ സൈറണെ ആശ്രയിച്ചു ആയി. വിരല്‍ത്തുമ്പില്‍ കാലാവസ്ഥയും ഊഷ്മാവും വരെ കിട്ടുന്ന കാലത്തും ഈ പാതയിലെ പഴയ തലമുറയുടെ സമയം അളക്കാന്‍ ഉള്ള മാര്‍ഗം ആണ് ‘മ്മടെ ട്രെയിന്‍ ‘. എങ്ങോട്ടും പോകേണ്ട ആവശ്യം ഇല്ലെങ്കിലും ട്രെയിന്‍ ഒന്ന് വൈകിയാല്‍ ആശങ്കപ്പെടുന്നവര്‍.
മണ്‍സൂണ്‍ തുള്ളികള്‍ പാതയെ വീണ്ടും പച്ചപുതയ്ക്കും. തോടും പുഴയും പാടവുമെല്ലാം നിറയും. കമുകിന്‍ തോട്ടങ്ങളില്‍ മയിലും മലയണ്ണാനും കുരങ്ങനുംവരും. നമുക്ക് പക്ഷെ, കുറച്ചു കൂടി കാത്തിരിക്കാം. ഈ കെട്ട കാലം കഴിയും. പ്രതീക്ഷയുടെ പാതയില്‍ ഒരു ചൂളം വിളി കേള്‍ക്കും. അപ്പോഴൊരു യാത്ര പോകാം.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




