പെരുന്നാൾ നിസ്കാരവും, ഈദ്​ഗാഹുകളുമില്ലാതെ ഇത്തവണത്തെ പെരുന്നാൾ, മലപ്പുറത്തിന്റെ ഓർമയിലിതാദ്യം

സന്തോഷ് ക്രിസ്റ്റി
പെരുന്നാൾ നിസ്കാരവും, ഈദ്​ഗാഹുകളുമില്ലാതെ ഇത്തവണത്തെ പെരുന്നാൾ, മലപ്പുറത്തിന്റെ ഓർമയിലിതാദ്യം

മലപ്പുറം: ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ ഈ വർഷത്തെ പെരുന്നാൾ നിസ്കാരവും, ഈദ്​ഗാഹുകളും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഈ തലമുറയുടെ ഏറ്റവും നിറം കുറഞ്ഞ പെരുന്നാളിനാകും ലോകം സാക്ഷ്യം വഹിക്കുക. കോവിഡ് മാർ​ഗനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ ആലിം​ഗനമടക്കമുള്ള ചെറിയ പെരുന്നാൾ ആശംസകളുടെ സ്വഭാവവും മാറ്റേണ്ടി വരും.

ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കം അടക്കം നാലാം ലോക്ക്ഡൗണിലും കർശന നിയന്ത്രണങ്ങളുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു തരത്തിലമുള്ള ചടങ്ങുകളും ഈ സമയത്ത് ആരാധനാലയങ്ങളിൽ നടത്തരുതെന്നാണ് നിർദേശം. പതിനേഴാം രാവിലടക്കം നടക്കുന്ന റമദാൻ മാസത്തിലെ പ്രധാന ചടങ്ങുകളടക്കം മലപ്പുറത്തെ മാഅ്ദിൻ പള്ളിയടക്കം തുടർന്ന് റദ്ദാക്കിയിരുന്നു.

ഈ തലമുറയുടെ ഓർമയിൽ ആഘോഷങ്ങളില്ലാത്ത പെരുന്നാൾ ഇതാദ്യമായാണെന്ന് മുതിർന്നവർ പറയുന്നു. നേരത്തെ വസൂരി പടർന്ന് പിടിച്ചപ്പോൾ ആഘോഷങ്ങളിൽ കുറവുണ്ടായെങ്കിലും പള്ളികൾ അടച്ചിടുകയോ, പെരുന്നാൾ നിസ്കാരം ഒഴിവാക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് ഏതാനും പ്രദേശങ്ങളിൽ മാത്രം ആഘോഷങ്ങളിൽ കുറവ് വന്നിരുന്നു.

ലോക്ക്ഡൗൺ നിർദേശങ്ങൾ കർശനമായിരുന്നെങ്കിലും പെരുന്നാളിന് മുമ്പായി ഇളവുകൾ ലഭിക്കുമെന്നായിരുന്നു വിശ്വാസികൾ കരുതിയിരുന്നത്. പക്ഷേ രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുകയും, ലോക്ക്ഡൗൺ നീട്ടുകയും ചെയ്തതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി. ഇഫ്താർ വിരുന്നുകളും, മറ്റ് ചടങ്ങുകളുമെല്ലാം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് സമുദായ നേതാക്കളോട് അഭ്യർഥിച്ചിരുന്നു.

പെരുന്നാളാഘോഷം ഒഴിവാക്കണമെന്ന് ഇന്ന് മത നേതാക്കളുമായി നടന്ന വീഡിയോ കോൺഫെറൻസിങിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റംസാനിനെ തുടര്‍ന്നുള്ള ഈദ് ആഘോഷങ്ങളിലും പള്ളികളിലടക്കമുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കാമെന്ന് മത സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മനുഷ്യന്റെ ജീവനാണ് ഇപ്പോള്‍ പ്രമുഖ്യം നല്‍കുന്നതെന്നും ഇത്തരം ഘട്ടങ്ങളില്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്താമെന്ന് വേദ ഗ്രന്ഥം പോലും പറഞ്ഞിട്ടുള്ളതിനാല്‍ തല്‍സ്ഥിതി തുടരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മലപ്പുറത്ത് നിന്നുള്ള മതനേതാക്കള്‍ അറിയിച്ചു.

നേരത്തെ റംസാനിലെ സംഘം ചേര്‍ന്നുള്ള ഇഫ്ത്താര്‍ വിരുന്നുകളും പ്രത്യേക പ്രാര്‍ത്ഥനകളും ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നു.

Sharing is caring!