മലപ്പുറം ജില്ലയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഒരാൾക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ ചേലേമ്പ്ര കോലക്കാട്ട് ചാലിൽ സ്വദേശി 37 കാരനാണ് കോവിഡ് ബാധ. കുവൈത്തിൽ നിന്നെത്തി ജില്ലയിൽ ചികിത്സയിലുള്ള ഗർഭിണിയായ ആലപ്പുഴ സ്വദേശിനി 34 കാരിയ്ക്കും രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. രണ്ട് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.

ചെന്നൈയിലെ പാരീസിൽ ജോലി ചെയ്യുന്ന ചേലേമ്പ്ര സ്വദേശി സർക്കാർ അനുമതിയോടെ ഇരുചക്ര വാഹനത്തിൽ മെയ് ഏഴിന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 16 ന് 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായ ഭാര്യയേയും രണ്ട് കുട്ടികളേയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കുവൈത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി മെയ് 13 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരെത്തി. കുവൈത്തിൽ വച്ച് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച ഇവർ ചികിത്സയെ തുടർന്ന് രോഗം ഭേദമായ ശേഷമാണ് നാട്ടിലെത്തിയത്. ഇക്കാര്യം മുൻനിർത്തി ആരോഗ്യ വകുപ്പ് ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

ആലപ്പുഴ സ്വദേശിനി കൂടി മലപ്പുറം ജില്ലയിൽ ചികിത്സയിലായതിനാൽ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. 23 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!