ലക്ഷദ്വീപില്‍ നിന്നും മലപ്പുറത്തുവന്ന ലുഖ്മാനുല്‍ സബ നമസ്‌കാരപ്പായ വിരിച്ചത് പ്രദീപിന്റെ വീട്ടില്‍

ലക്ഷദ്വീപില്‍ നിന്നും  മലപ്പുറത്തുവന്ന ലുഖ്മാനുല്‍ സബ നമസ്‌കാരപ്പായ വിരിച്ചത് പ്രദീപിന്റെ വീട്ടില്‍

മഞ്ചേരി: മലപ്പുറം നന്മ ഇങ്ങിനെയും. ലക്ഷദ്വീപില്‍ നിന്നും മലപ്പുറത്തുവന്ന ലുഖ്മാനുല്‍ സബ
നമസ്‌കാരപ്പായ വിരിച്ചത് മഞ്ചേരിക്കാരന്‍ പ്രദീപിന്റെ വീട്ടില്‍.ലുഖ്മാനുല്‍ സബക്ക് ഈ റമദാന്‍ കാലം അവിസ്മരണീയം മാത്രമല്ല, പുതിയ ഒരു അനുഭവം കൂടിയാണ്.
ലക്ഷദ്വീപില്‍ നിന്നും പഠനാവശ്യത്തിനായി കടല്‍ കടന്ന് മഞ്ചേരിയിലെത്തിയ ലുഖ്മാനുല്‍ സബക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടണയാനായില്ല. വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിന് മുന്നില്‍ കണ്ണീരണിഞ്ഞുനിന്ന 19കാരിയുടെ മുമ്പില്‍ ദൈവദൂതയെ പോലെ കൂട്ടുകാരി മാളവിക പ്രത്യക്ഷപ്പെട്ടു. സ്വന്തം കൂട്ടുകാരിയെ ഹോസ്റ്റലില്‍ തനിച്ചിരുത്താന്‍ അവള്‍ തയ്യാറായില്ല. സുഹൃത്തിന്റെ കൈപിടിച്ച് മഞ്ചേരി കോവിലകം കുണ്ടിലെ വീട്ടിലേക്ക് അവള്‍ നടന്നുകയറി.
മഞ്ചേരി പൂക്കൊളത്തൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എന്‍ട്രന്‍സ് കോച്ചിങ്ങിന് എത്തിയതായിരുന്നു ലക്ഷദ്വീപ് അകത്തി ദ്വീപില്‍ നിന്നുള്ള ലുഖ്മാനുല്‍ സബ. കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പൊതുഗതാഗതം നിര്‍ത്തിയതോടെ സബ ഹോസ്റ്റലില്‍ ഒറ്റപ്പെട്ടു. ഇതോടെയാണ് മാര്‍ച്ച് 23ന്, മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യവിതരണ വകുപ്പില്‍ യു.ഡി ക്ലര്‍ക്കായി ജോലി ചെയ്യുന്ന വടക്കേതൊടി വീട്ടില്‍ പ്രദീപിന്റെയും മഞ്ചേരി ബോയ്സ് ഹൈസ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിന്റെയും മൂത്തമകള്‍ മാളവിക കൂട്ടുകാരിയെ കരുതലിന്റെ കരം പിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നത്.
ഇതോടെ കുടുംബത്തിന് മറ്റൊരു മകളെ കൂടി ലഭിച്ച പ്രതീതിയായി. ഇതിനിടിയില്‍ റമദാന്‍ എത്തിയതോടെ സബയുടെ ജീവിത ചര്യയിലും മാറ്റം വന്നു. സബ നോമ്പ് എടുക്കാന്‍
ആരംഭിച്ചതോടെ പ്രദീപിന്റെ കുടുംബം മുഴുവന്‍ നോമ്പ് എടുക്കാന്‍ ആരംഭിച്ചു. വീട്ടില്‍ ഒരാള്‍ ഭക്ഷണം കഴിക്കാതെ നോമ്പ് എടുത്തുകഴിയുമ്പോള്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സബക്ക് വേണ്ടി നാലംഗ കുടുംബം നോമ്പ് എടുക്കാന്‍ ആരംഭിച്ചത്.
പുലര്‍ച്ച നാലിന് എഴുന്നേറ്റ് ഒരുമിച്ച് അത്താഴം കഴിക്കും. നമസ്‌കാരവും വീട്ടില്‍ തന്നെ. വൈകീട്ട് നോമ്പ് തുറക്കാനുള്ള വിഭവങ്ങളെല്ലാം ഒരുമിച്ചിരുന്നു ഉണ്ടാക്കും. ഇതിനിടയില്‍ ഇരുവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പഠനം തുടരുകയും ചെയ്യുന്നുണ്ട്. എല്ലാ സഹായങ്ങളുമായി മാളവികയുടെ അനിയത്തി കീര്‍ത്തനയും കൂട്ടിനുണ്ട്. വൈകുന്നേരത്തോടെ നോമ്പ് തുറക്കാന്‍ ലുഖ്മാനക്ക് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം മേശയിലെത്തും. തരിക്കഞ്ഞിയും പത്തിരിയും ദ്വീപിലെ പലഹാരമായ ദ്വീപുണ്ടയുമെല്ലാം ഇതിലുള്‍പ്പെടും.
വീട്ടിലെത്താനായില്ലെങ്കിലും സ്വന്തം വീട്ടില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും പരിചരണവുമാണ് ലഭിക്കുന്നതെന്ന് ലുഖ്മാന പറഞ്ഞു. ഇവരുടെ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍ പ്രദീപിനെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചു. വേണ്ട സഹായങ്ങളും വാഗ്ദാനം ചെയ്തു. മകള്‍ സുരക്ഷിതമായ സ്ഥലത്ത് കഴിയുന്നതില്‍ സബയുടെ കുടുംബവും സന്തോഷത്തിലാണ്. എന്നും ഇവരുമായി ഫോണില്‍ ബന്ധപ്പെടാറുണ്ട്.
ലക്ഷദ്വീപില്‍ ആയുര്‍വേദ ഡോക്ടറായ അബ്ദുല്‍ റഹ്മാന്‍ – മറിയം ദമ്പതികളുടെ മകളാണ് ലുഖ്മാന സബ. ലുഖ്മാനുല്‍ ഹക്കീം ഏക സഹോദരനാണ്.

Sharing is caring!