മലയാളികളുടെ തിരിച്ചു വരവ് സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക: സാദിഖലി തങ്ങള്‍

മലയാളികളുടെ  തിരിച്ചു വരവ് സര്‍ക്കാര്‍  നിലപാടില്‍ ആശങ്ക:  സാദിഖലി തങ്ങള്‍

മലപ്പുറം: ലോക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ അതാതു സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈ എടുത്ത് സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഈ സമയത്തും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒന്നരമാസത്തോളമായി ജോലിയും കൂലിയുമില്ലാത്ത മലയാളികള്‍ സ്വന്തം നാട്ടിലെത്താന്‍ പാസ് ലഭ്യമാകാതെ പ്രയാസപ്പെടുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാസ് ലഭ്യമായിട്ടും സ്വന്തം സംസ്ഥാനത്തിന്റെ പാസ് കാത്തിരിക്കേണ്ട ഗതികേട് ആശങ്കാജനകമാണ്.
പാസ് വിതരണം നടന്നു കൊണ്ടിരിക്കെ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പാസ് വിതരണം നിര്‍ത്തലാക്കിയത് നീതികരിക്കാവുന്നതല്ല. ഗര്‍ഭിണികള്‍,രോഗികള്‍, വിദ്യാത്ഥികള്‍,വൃദ്ധര്‍ തുടങ്ങി ഗത്യന്തരമില്ലാതെ മറ്റു സംസ്ഥാനത്തു നിന്നും കിട്ടിയ പാസുകളുടെ കാലാവധി നഷ്ടപ്പെടുംമുമ്പ് അതിര്‍ത്തികളിലെത്തിയവരോടുള്ള സമീപനം വളരെ ക്രൂരമായിപോയി.ഭക്ഷണമോ വെള്ളമോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാത്ത അതിര്‍ത്തിയില്‍ ഇരിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടായ വര്‍ക്കു വേണ്ടി കനത്ത പ്രതിഷേധമുണ്ടായിട്ടും സര്‍ക്കാര്‍ കണ്ണു തുറന്നില്ല.
അവസാനം കോടതി ഇടപെടേണ്ടി വന്നു അവരെ കേരളത്തിലെത്തിക്കാന്‍. ജനങ്ങളുടെ ആശങ്ക തീര്‍ക്കേണ്ട സര്‍ക്കാര്‍ പുതിയ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കി ജനങ്ങളെ അറിയിക്കുകയാണുവേണ്ടത്. മാസങ്ങളായി നാട്ടിലെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളടക്കം മാനസിക പ്രയാസം നേരിടുന്ന ജനങ്ങള്‍ക്കു നേരെ അധികാരത്തിന്റെ അഹന്തകലര്‍ത്തി ഉത്തരവാദിത്ത്വപെട്ടവര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല.
അഥിതി തൊഴിലാളികളുമായി നിരവധി തീവണ്ടികള്‍ സംസ്ഥാനത്തിനു പുറത്തു പോയി.അതേ പാളം വഴി മലയാളിയെ തിരിച്ച് കൊണ്ടു വരാനായിട്ടില്ല.അഥിതി തൊഴിലാളികളോട് അവരുടെ സംസ്ഥാന സര്‍ക്കാറുകള്‍ കാണിച്ച മര്യാദ ആഥിതേയരായ മലയാളികളോട് കേരള സര്‍ക്കാര്‍ കാണിക്കേണ്ടിയിരുന്നു. കേന്ദ്ര കേരള സര്‍ക്കാറുകളുടെ പിടിവാശികള്‍ ഈ വൈകലുകള്‍ക്ക് കാരണമാവുന്നുണ്ട്. അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും തങ്ങള്‍ പറഞ്ഞു.

Sharing is caring!