കുഞ്ഞിനെപ്രസവിക്കാന്‍ മലപ്പുറത്തുകാരി ജല്‍വ നാട്ടിലെത്തും

കുഞ്ഞിനെപ്രസവിക്കാന്‍  മലപ്പുറത്തുകാരി  ജല്‍വ നാട്ടിലെത്തും

മലപ്പുറം: കുഞ്ഞിനെപ്രസവിക്കാന്‍ മലപ്പുറത്തുകാരി ജല്‍വ നാട്ടിലെത്തും.ഭര്‍ത്താവിനെ കാണാന്‍
ഖത്തറില്‍പോയി ലോക്ഡൗണില്‍ കുടങ്ങി 2മാസം മുറിയുടെ നാലു ചുവരായിരുന്നു ലോകം.
ഭര്‍ത്താവിനെക്കാണാന്‍ സന്ദര്‍ശകവീസയില്‍ ഖത്തറിലേക്കുപോയി അവിടെ കുടുങ്ങുകയും ഗര്‍ഭിണിയായതോടെ വീട്ടിനകത്തേക്ക് ചുരുങ്ങുകയും ചെയ്ത കഥയോര്‍ക്കുകയാണ് കൊടിഞ്ഞി ചെറൂപ്പാറയിലെ ഊര്‍പ്പായി റഹീമിന്റെ ഭാര്യ ജല്‍വ നിഹാന്‍. ചുറ്റും കോവിഡ് ഭയം നിറഞ്ഞുകൊണ്ടിരിക്കെ പുറത്തേക്കു നോക്കാന്‍ പോലും പേടി.ഒടുവില്‍ നാട്ടിലെത്താനുള്ള എംബസിയുടെ പട്ടികയില്‍ ജല്‍വ സ്ഥാനം പിടിച്ചു.

തൊഴില്‍പ്രശ്‌നങ്ങളുള്ളതിനാല്‍ റഹീമിന് കൂടെ വരാന്‍ കഴിയില്ല. ഡിസംബര്‍ 26ന് ആയിരുന്നു വിവാഹം. ജനുവരി 10ന് തിരിച്ചുപോകേണ്ടി വന്നു. വീസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്തി ഫെബ്രുവരി 5ന് ജല്‍വ ദോഹയില്‍ എത്തി. വീസ ഒരു മാസം കൂടി നീട്ടിക്കിട്ടി. അതിനിടയ്ക്കാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അങ്ങനെ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കുമ്പോഴാണ് ലോക്ഡൗണിന്റെ വരവ്.

ഖത്തറില്‍ ചെറിയ ഇളവുകള്‍ വന്നപ്പോള്‍ ഇന്ത്യയില്‍ നിയന്ത്രണം കടുക്കുകയായിരുന്നു. കുറച്ചുദിവസം പുറത്തൊക്കെ പോയി. ഗര്‍ഭിണികള്‍ കര്‍ശനമായും വീട്ടിലിരിക്കണമെന്ന നിര്‍ദേശം വന്നതോടെ റൂമില്‍തന്നെയായി.ഇടയ്ക്ക് പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയപ്പോഴാണ് രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലായത്. 2 മാസം മുറിയുടെ നാലു ചുവരായിരുന്നു ലോകം.

ഒറ്റ ദിവസം കൊണ്ട് 900 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചങ്കിടിപ്പ് കൂടി. ആദ്യലോക്ഡൗണ്‍ കാലം കഴിഞ്ഞാല്‍ നാട്ടില്‍ പോകാമെന്ന് റഹീം ആശ്വസിപ്പിച്ചെങ്കിലും ലോക്ഡൗണ്‍ വീണ്ടും 2 തവണ നീട്ടി.അപ്പോഴാണ് തിരിച്ചുപോകാന്‍ ആഗ്രഹമുള്ളവരുടെ റജിസ്‌ട്രേഷന്‍ എംബസി ആരംഭിക്കുന്നത്. ഗര്‍ഭിണി, വീസ കാലാവധി കഴിഞ്ഞയാള്‍ രണ്ടുതരത്തിലും പരിഗണിക്കപ്പെട്ടു.റഹീം വരേണ്ടെന്നു തീരുമാനിച്ചു. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കില്‍ 10ന് ജല്‍വ കൊച്ചിയില്‍ വിമാനമിറങ്ങും

Sharing is caring!