കോവിഡ് 19: ജന്മ നാടിന്റെ കരുതലിലേയ്ക്ക് സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികള്‍ കൂടി തിരിച്ചെത്തി

കരിപ്പൂർ: കോവിഡ് 19 ആഗോള വെല്ലുവിളി തീര്‍ക്കുമ്പോള്‍ ജന്മനാടിന്റെ സ്വാസ്ഥ്യത്തിലേക്ക് കൂടുതല്‍ പ്രവാസി മലയാളികള്‍ തിരിച്ചെത്തുകയാണ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് 142 പ്രവാസി മലയാളികള്‍ ഉള്‍പ്പടെ 152 പേര് ഇന്നലെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തി. എട്ട് കര്‍ണ്ണാടക സ്വദേശികളും രണ്ട് തമിഴ്നാട് സ്വദേശികളും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി 8.03 നാണ് യാത്രക്കാരുമായി എ.ഐ-922 എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയില്‍ ലാന്‍ഡ് ചെയ്തത്. യാത്രക്കാരില്‍ 128 പേര് മുതിര്‍ന്നവരും 24 കുട്ടികളുമായിരുന്നു.
റിയാദില്‍ നിന്നെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഓരോ യാത്രക്കാരെയും കോവിഡ് ജാഗ്രതാ പരിശോധനകള്‍ക്ക് വിധേയരാക്കി.
മലപ്പുറം – 58, പാലക്കാട് – 12, കോഴിക്കോട് – 19, വയനാട് – രണ്ട്്, ആലപ്പുഴ – നാല്, എറണാകുളം – ഏഴ്, ഇടുക്കി – രണ്ട്, കണ്ണൂര്‍ – 15, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – അഞ്ച്, കോട്ടയം – ഒമ്പത്, പത്തനംതിട്ട – അഞ്ച്, തിരുവനന്തപുരം – രണ്ട് എന്നിങ്ങനെയാണ് റിയാദ് – കോഴിക്കോട് പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതിന് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും കരിപ്പൂരിലെത്തി.
നാല് പേരെ ആശുപത്രികളിലേക്ക് മാറ്റി
റിയാദില്‍ നിന്നെത്തിയ യാത്രക്കാരില്‍ നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. ഇതില്‍ ഒരാള്‍ക്ക് അലര്‍ജിയും മറ്റൊരാള്‍ക്ക് പനിയും ചുമയുമാണ് കണ്ടെത്തിയത്. കൂടാതെ പൂര്‍ണ്ണ ഗര്‍ഭിണിയായ എറണാകുളം സ്വദേശിനിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവര്‍ കളമശ്ശേരിയില്‍ തന്നെ തുടര്‍ ചികിത്സ ആവശ്യപ്പെടുകയായിരുന്നു. 108 ആംബുലന്‍സുകളിലാണ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.
കൂടുതല്‍ ഗര്‍ഭിണികള്‍
തിരിച്ചെത്തിയവരില്‍ 78 പേര് ഗര്‍ഭിണികളായിരുന്നു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിച്ചു. പത്ത് വയസിന് താഴെയുള്ള 24 കുട്ടികള്‍, 70 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോവിഡ് കെയര്‍ സെന്ററുകളില്‍ 34 പേര്
റിയാദില്‍ നിന്നെത്തിയ വിമാത്തിലെ 34 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 27 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും ഏഴ് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. മലപ്പുറം ജില്ലയിലെ 20 പേര് കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേരേയും കോഴിക്കോട് നിന്നുള്ള മൂന്ന് പേരേയും അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.
കര്‍ണ്ണാടക സ്വദേശികളായ ഏഴ് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന കോവിഡ് കെയര്‍ സെന്ററിലാക്കി. കര്‍ണ്ണാടക സ്വദേശിയായ ഒരാളും തമിഴ്നാട് സ്വദേശികളായ രണ്ട് പേരും വീടുകളിലേക്ക് മടങ്ങി.
വീടുകളിലേയ്ക്ക് മടങ്ങിയവര്‍ 114
ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗര്‍ഭിണികളുള്‍പ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിനും അയച്ചു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 36 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. അലപ്പുഴ – നാല്, എറണാകുളം – ആറ്, കണ്ണൂര്‍ – 11, കാസര്‍കോഡ് – രണ്ട്, കോട്ടയം – ഒമ്പത്, കോഴിക്കോട് – 16, പാലക്കാട് – 12, തിരുവനന്തപുരം – രണ്ട്, വയനാട് – രണ്ട്, പത്തനംതിട്ട – അഞ്ച്, ഇടുക്കി – രണ്ട്, കൊല്ലം – നാല് എന്നിങ്ങനെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കി നടപടികള്‍
കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ആദ്യ സംഘം 8.30 ന് പുറത്തിറങ്ങി. ഇവരെ എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്കാനിങ് നടത്തി ശരീര ഊഷ്മാവ് പരിശോധിച്ചു. തുടര്‍ന്ന് വിദഗ്ധ സംഘം ആരോഗ്യ പരിശോധന നടത്തി. ആരോഗ്യ പരിശോധനയ്ക്കു ശേഷം അഞ്ച് കൗണ്ടറുകളിലായി യാത്രക്കാരുടെ വിവര ശേഖരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കോവിഡ് ബോധവത്ക്കരണ ക്ലാസ് നല്കിയ ശേഷമാണ് യാത്രക്കാരെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്ക് അയച്ചത്.
എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതിനു ശേഷം പുറത്തുള്ള ഡാറ്റാ എന്‍ട്രി പോയിന്റില്‍ അവസാന വിവര ശേഖരണവും പൂര്‍ത്തിയാക്കിയാണ് ഓരോ യാത്രക്കാരേയും പുറത്തിറക്കിയത്. ആദ്യ സംഘത്തിനു പിറകെ മറ്റു സംഘങ്ങളുടേയും പരിശോധന നടന്നു. പ്രവാസികളെ കൊണ്ടുപോകുന്നതിന് ഏഴ് കെ.എസ്.ആര്.ടി. സി ബസുകളും 30 ആംബുലന്‍സുകളും അറുപതില്‍പ്പരം പ്രീപെയ്ഡ് ടാക്സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു.
യാത്രക്കാരെ കൊണ്ടുപോകാനെത്തിയ വാഹനങ്ങള്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. വിമാനത്താവളത്തിനകത്ത് സി.ഐ.എസ്.എഫും പുറത്ത് പൊലീസും കര്‍ശന സുരക്ഷാ വലയമാണ് തീര്‍ത്തിരുന്നത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]