മലപ്പുറം ജില്ലയിൽ കോവിഡ് ഭേദമായ അവസാന രോ​ഗികളും ആശുപത്രി വിട്ടു

മലപ്പുറം ജില്ലയിൽ കോവിഡ് ഭേദമായ അവസാന രോ​ഗികളും ആശുപത്രി വിട്ടു

മലപ്പുറം: ജില്ലയിൽ കോവിഡ് ഭേദമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അവസാന രോ​ഗികളും ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാറഞ്ചേരി, കാലടി സ്വദേശികളാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ കോവിഡ് ഭേദമായവരെല്ലാം തന്നെ ആശുപത്രിവാസം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.

കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സുകളിലാണ് ഇവരെ വീടുകളിലേക്ക് അയച്ചത്. വീട്ടിലെത്തിയാലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി സ്വയം നിരീക്ഷണം തുടരണം.

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തിയശേഷം അവിടെ നിന്ന് നടന്ന് ചേളാരിയിലെത്തി. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര തിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശിയും വീട്ടിലെത്തി.

ഇരുവരും മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16 ന് ഇവരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കുകയായിരുന്നു. കാലടി സ്വദേശിയെ ഏപ്രില്‍ 23 നും മാറഞ്ചേരി സ്വദേശിയെ ഏപ്രില്‍ 26 നും 108 ആംബുലന്‍സുകളില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കാലടി സ്വദേശിയ്ക്ക് മാര്‍ച്ച് 27 നും മാറഞ്ചേരി സ്വദേശിയ്ക്ക് ഏപ്രില്‍ 30 നുമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷം മെയ് നാലിനാണ് ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

Sharing is caring!