ദുബായില്‍ നിന്നുള്ള ആദ്യ പ്രവാസി സംഘം കരിപ്പൂരില്‍ പറന്നിറങ്ങി
മലപ്പുറം: ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ്-344 വിമാനം ഇന്ന് രാത്രി 10.35 ന് കരിപ്പൂരിലെത്തി. 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ദുബായില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.
ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]