സൗദിയില്‍ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി

സൗദിയില്‍ വൈറസ്  വ്യാപനം തടയുന്നതിന്  നിയന്ത്രണങ്ങള്‍  കടുപ്പിച്ച് സൗദി

റിയാദ്: സഊദിയില്‍ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സഊദി. പ്രത്യേകിച്ചും കൂടിച്ചേരലുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത പിഴയും ശിക്ഷയും നല്‍കുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ കൂടിച്ചേരരുതെന്നും ഏത് നിലയിലായാലും വൈറസ് വ്യാപനം ഉണ്ടാകാന്‍ ഇടയുള്ള അഞ്ചിലധികം ആളുകള്‍ കൂടിചേരരുതെന്നും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കനത്ത പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

;ഒന്നിലധികം കുടുംബങ്ങളില്‍ നിന്നുള്ളവരും അംഗങ്ങളല്ലാത്ത വ്യക്തികളും തമ്മില്‍ കൂടിച്ചേരുന്നതും നിയമ ലംഘനമാണ്. മാളുകളിലോ കടകളിലോ ഉള്ള വ്യക്തികളുടെ സഭകളും ഒരേ വീട്ടില്‍ താമസിക്കാത്ത വ്യക്തികളുടെ ഒത്തുചേരലുകളും നിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആളുകള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രാലയത്തെ വ്യക്തമാക്കി.

ഇതോടനുബന്ധിച്ചുള്ള വിവിധ പിഴ ശിക്ഷകളും മന്ത്രാലയം വ്യക്തമാക്കി. വീടുകള്‍, ഇസ്തിറാഹകള്‍, മസ്റകള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ കൂട്ടം കൂടിയുള്ള നിയമ ലംഘനത്തിനു പതിനായിരം റിയാല്‍ പിഴ ഈടാക്കും. കുടുംബേതര കൂട്ടം വീടുകള്‍, ഇസ്തിറാഹകള്‍, മസ്‌റകള്‍, ഖൈമകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂട്ടംകൂടിയാല്‍ 15000 റിയാല്‍, പാര്‍ട്ടികള്‍ വിവാഹം, അനുശോചനം, യോഗം തുടങ്ങിയവയില്‍ നിശ്ചയിച്ചതിലധികം ആളുകള്‍ കൂട്ടം കൂടി ലംഘനം നടത്തിയാല്‍ 30000 റിയാല്‍, നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍, ഇസ്തിറാഹ, മസ്റ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ കൂട്ടം കൂടിയാല്‍ 50000 റിയാല്‍ പിഴയും ഈടാക്കും. എന്നാല്‍, താമസ സ്ഥലത്ത് കൂട്ടം കൂടുന്നതില്‍ തെറ്റില്ല. കച്ചവട സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളോ ജീവനക്കാരോ കടയുടെ പുറത്തോ അകത്തോ കൂട്ടംകൂടിയാല്‍ ഒരു ലക്ഷം റിയാല്‍ എന്ന രീതിയില്‍ പിഴകള്‍ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയ എല്ലാവര്‍ക്കും അതിന് സൗകര്യമൊരുക്കിയവര്‍ക്കും നിയമനടപടികള്‍ ബാധകമായിരിക്കുമെന്നും ഇത്തരം നിയം ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക പ്രവിശ്യയില്‍ 911 നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 നമ്പറിലുമാണ് ഇത്തരം നിയം ലംഘനങ്ങള്‍ അധികൃതരില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

Sharing is caring!