പാണക്കാട് ഹൈദരലി തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത് ഹാന്‍സ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി അപമാനിക്കാന്‍ ശ്രമം; യൂത്ത്‌ലീഗ് പരാതി നല്‍കി

പാണക്കാട് ഹൈദരലി തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത് ഹാന്‍സ്  പാക്കറ്റ്  സഹിതമുള്ള  ഭക്ഷണകിറ്റാക്കി അപമാനിക്കാന്‍ ശ്രമം; യൂത്ത്‌ലീഗ് പരാതി നല്‍കി

താനൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. ഇതിനെതിരെ താനൂര്‍ മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് താനൂര്‍ പോലീസില്‍ പരാതി നല്‍കി. പനങ്ങാട്ടൂര്‍ ചാഞ്ചേരിപറമ്പിലെ കറങ്കാണി പറമ്പില്‍ രാകേഷ് (ഉണ്ണിക്കുട്ടന്‍) എന്നയാള്‍ക്കെതിരെയാണ് താനൂര്‍ മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.കെ. അന്‍വര്‍ സാദത്ത് താനൂര്‍ പോലീസ് സേ്റ്റഷന്‍ എസ്.എച്ച്.ഒ. പി പ്രമോദിന് പരാതി നല്‍കിയത്. കേരളത്തില്‍ നന്മയര്‍ന്ന സേവനം നടത്തിക്കൊണ്ടിരിക്കുന്ന വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രത്തില്‍ തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത് ഹാന്‍സ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കുക വഴി സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കി ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. നാടിന്റെ സൗഹാര്‍ദ്ധാന്തരീക്ഷം തകര്‍ക്കാനും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ച ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Sharing is caring!