ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്ലിം സംഘടനായോഗം

മലപ്പുറം: രാജ്യം ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ തന്നെ സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
മഹാമാരിയുടെ മറവില്‍ ബി.ജെ.പി അവരുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഡല്‍ഹി പൊലീസ് പച്ചയായ മുസ്ലിം വേട്ട തുടരുകയാണ്. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് (ഡി.എം.സി) ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഇതിനുദാഹരണമാണ്. പൊലീസ് നടത്തിയ നരനായാട്ടിനെ കുറിച്ചു നല്കിയ കൃത്യമായ റിപ്പോര്‍ട്ടാണ് ഒരു ഭരണഘടനാ ബോഡി അധ്യക്ഷനെ രാജ്യദ്രോഹിയാക്കിയത്. കലാപകാരികളെ സഹായിച്ചും അക്രമത്തിന് മൗനസമ്മതം നല്‍കിയും ഡല്‍ഹി പൊലീസ് അഴിഞ്ഞാടിയത് ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ വലിയ വാര്‍ത്തയാക്കിയതാണ്. സത്യം വ്യക്തമാണെന്ന് സാഹചര്യതെളിവുകള്‍ പോലും അടിവരയിടുമ്പോഴാണ് അതിനെതിരെ റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് രാജ്യത്ത് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് നയിച്ചവരെല്ലാം ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ ശത്രുക്കളാണ്. ജാമിഅ മില്ലിയ വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദ് എന്നിവരുടെ അറസ്റ്റ് വ്യക്തമാക്കുന്നതും ഇതാണ്. ഡല്‍ഹി വംശഹത്യയുടെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. സഫൂറ സര്‍ഗര്‍ ഒരു ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെയാണ് ബി.ജെ.പി അവരുടെ അജണ്ട നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സഫൂറ ഏകാന്ത തടവറയിലാണ്. രാജ്യദ്രോഹം, മത സ്പര്ധയുണ്ടാക്കല്, കലാപത്തിന് ഗൂഢാലോചന നടത്തുക തുടങ്ങി മാരക കുറ്റകൃത്യങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഗീയ വിഷം ചിന്തിയ പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഒന്നു വിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്.
തങ്ങളെ ആരും വിമര്‍ശിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവരെ പേടിപ്പിച്ചു നിര്‍ത്തി നിരന്തരം വേട്ടയാടി ഇല്ലായ്മ ചെയ്യുകയുമാണ് ഇവര്‍ ചെയ്യുന്നത്. രാജ്യം നേരിടുന്ന അപകടകരമായ അവസ്ഥക്കെതിരെ യോജിച്ചുള്ള പ്രതിഷേധം അനിവാര്യമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തി ന്യൂനപക്ഷ വേട്ടക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്, (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ല കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് ), സി.പി ഉമര്‍ സുല്ലമി (കേരള ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്റഫ് (വിസ്ഡം), ഡോ. പി.എ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), പ്രഫ എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് (ജമാഅത്തെ ഇസ്ലാമി) പങ്കെടുത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി