കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടു; 10.30ന് കോഴിക്കോടെത്തും

കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടു; 10.30ന് കോഴിക്കോടെത്തും

ദുബായ്: കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് പ്രത്യേക വിമാനങ്ങൾ യു എ ഇയിൽ നിന്ന് പുറപ്പെട്ടു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും, ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് കോവിഡ് സാഹചര്യത്തിൽ പ്രവാസികളുമായി വരുന്ന ആദ്യ വിമാന സർവീസുകൾ. കൊച്ചിയിലേക്കുള്ള വിമാനം 9.40നും, കോഴിക്കോട്ടേക്കുള്ളത് 10.30നും ലാൻഡ് ചെയ്യും. രണ്ട് വിമാനങ്ങളിലുമായി 108 മലപ്പുറം സ്വദേശികളാണ് ഇന്ന് നാടണയുക.

177 യാത്രക്കാർ വീതമാണ് രണ്ട് വിമാനങ്ങളിലും ഉള്ളത്. എല്ലാവിധ ആരോ​ഗ്യ സുരക്ഷയും ഉറപ്പാക്കിയാണ് വിമാനം സർവീസ് നടത്തുന്നത്. ആരോ​ഗ്യ പരിശോധനകൾക്ക് ശേഷമാണ് ബോർഡിങ് പാസുകൾ നൽകിയത്. യാത്രക്കാർക്ക് ആർക്കും തന്നെ കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. സത്യവാങ് മൂലം അടക്കം പൂരിപ്പിച്ച് നൽകിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്.

ഉച്ചയ്ക്ക് 1.40നാണ് കരിപ്പൂരിൽ നിന്നും പ്രത്യേക വിമാനം ദുബായിലേക്ക് ടേക്ക് ഓഫ് ചെയ്തത്. പൂർണമായും അണുവിമുക്തമാക്കിയാണ് വിമാനം പുറപ്പെട്ടത്. പരിശോധനകളില്‍ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള കാളികാവിലെ സഫ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോകും. ശുചിമുറി സൗകര്യങ്ങളോട് കൂടിയ 100 പ്രത്യേക മുറികളാണ് ഇവിടെ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്.

അബൂദാബിയില്‍ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ഇവരില്‍ അഞ്ച് പേരെ വിവിധ കാരണങ്ങളാല്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിനയയ്ക്കും. ശേഷിക്കുന്ന 18 പേരെ കോഴിക്കോട് സര്‍വകലാശാലയുടെ ഇന്റര്‍ നാഷണല്‍ ഹോസ്റ്റലിലെ ശുചിമുറി സൗകര്യങ്ങളോട് കൂടിയ മുറികളില്‍ നിരീക്ഷണത്തിലാക്കും.

Sharing is caring!