മലപ്പുറം ജില്ല കോവിഡ് വിമുക്തം; അവസാന രണ്ട് രോഗികളുടേയും ഫലം നെഗറ്റീവ്
മലപ്പുറം: കോവിഡ് വിമുക്ത ജില്ലയായി മലപ്പുറം. നിലവിൽ ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർ രോഗമുക്തരായതോടെയാണ് മലപ്പുറം ജില്ല കോവിഡ് വിമുക്തമായത്. ഇന്ന് വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മലപ്പുറം കോവിഡ് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രിയിൽ നിന്നും അനധികൃതമായി നാട്ടിലെത്തിയ രണ്ടു പേർക്കാണ് അവസാനമായി കോവിഡ് ബാധിച്ചത്. ജില്ലയിലാകെ 24 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതിൽ നാലു മാസം പ്രായമായ മഞ്ചേരി സ്വദേശിനിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇത് മാത്രമാണ് ജില്ലയിലെ ഏക കോവിഡ് മരണം.
റെഡ് സോണിലായിരുന്ന ജില്ല ഇന്നാണ് ഓറഞ്ച് സോണിലേക്ക് മാറിയത്. കണിശമായ നിയന്ത്രണങ്ങളും, വ്യക്തമായ മുന്നൊരുക്കവുമാണ് കോവിഡ് വ്യാപനം പിടിച്ചു നിറുത്തുന്നതിന് ജില്ലയെ സഹായിച്ചത്. ഉംറ തീർഥാടനം കഴിഞ്ഞെത്തിയ അരീക്കോട്, വണ്ടൂർ സ്വദേശിനികൾക്കാണ് ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പെരുന്തൽമണ്ണ കീഴാറ്റൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ സമൂഹ വ്യാപനം എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇത് ജില്ല മറികടന്നു. ഇദ്ദേഹം കോവിഡ് ഭേദമായി ചികിൽസയിലിരിക്കെ മരിച്ചിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയാണ് പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ജില്ലാ കലക്ടർ ജാഫർ മാലിക്ക്, ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം, ജില്ലാ മെഡിക്കൽ ഓഫിസർ കെ സക്കീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏകോപനം.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]