ഗള്‍ഫില്‍നിന്നും വരാന്‍ ഇതിനോടകം രജിസ്റ്റര്‍ചെയ്തത് 5.34 ലക്ഷംപേര്‍

ഗള്‍ഫില്‍നിന്നും  വരാന്‍ ഇതിനോടകം  രജിസ്റ്റര്‍ചെയ്തത്  5.34 ലക്ഷംപേര്‍

മലപ്പുറം: കൊവിഡ്-19 പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം 5.34 ലക്ഷമായി.വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്നതിനായി 3.98 ലക്ഷം പേരും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് 1.36 ലക്ഷം പേരും.

നോര്‍ക്കയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍നിന്നാണ്- 175423 പേര്‍. സഊദി അറേബ്യയില്‍നിന്ന് 54305 പേരും യു.കെയില്‍നിന്ന് 2437 പേരും അമേരിക്കയില്‍നിന്ന് 2255പേരും ഉക്രൈയിനില്‍നിന്ന് 1958 പ്രവാസികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനില്‍ കര്‍ണാടകയില്‍ നിന്നാണ് കൂടുതല്‍ പേരും- 44871. തമിഴ്നാട്- 41425, മഹാരാഷ്ട്ര- 19029 സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും എന്നാല്‍ എംബസികള്‍ നടത്തുന്ന രജിസ്ട്രേഷന്‍ വേണ്ടെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളി പ്രവാസികള്‍ രണ്ടുതവണ രജിസ്റ്റര്‍ ചെയ്യേണ്ട അവസ്ഥ സുപ്രഭാതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പ്രതികരണം.

Sharing is caring!