കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡും ഒരു പഞ്ചായത്തും ഹോട്ട് സ്പോട്ടുകള്‍

കോവിഡ് 19: മലപ്പുറം  ജില്ലയില്‍ ഒരു നഗരസഭാ  വാര്‍ഡും ഒരു പഞ്ചായത്തും  ഹോട്ട് സ്പോട്ടുകള്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട് സ്‌പോട്ടുകളായുള്ളത് മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17ഉം കാലടി ഗ്രാമ പഞ്ചായത്തും. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലയിലാകെ അതീവ ജാഗ്രത തുടരുകയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ പ്രഖ്യാപിച്ച ഇളവുകള്‍ ചുവടെ പറയുന്നു. ഉപാധികളും ജാഗ്രതാ നിര്‍ദേശങ്ങളും ലംഘിച്ചാല്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

• സ്വകാര്യ മേഖലയില്‍ പ്രാദേശികമായി ലഭ്യമാകുന്ന തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താം. തൊഴിലാളികളുടെ എണ്ണം 10 ല്‍ കൂടരുത്. ഇവര്‍ തൊഴിലിടത്തിനടുത്തായി ആരോഗ്യ ജാഗ്രത ഉറപ്പാക്കി താമസിക്കണം. തൊഴിലാളികളുടെ മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല.
• ഗ്രാമ പഞ്ചായത്ത്/നഗരസഭകളില്‍ അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതിയായി. തൊഴിലാളികളുടെ എണ്ണം 10 ല്‍ കൂടരുത്. ഇവര്‍ തൊഴിലിടത്തിനടുത്തായി ആരോഗ്യ ജാഗ്രത ഉറപ്പാക്കി താമസിക്കണം. തൊഴിലാളികളുടെ മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല.
• പാഴ്വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് സാധനങ്ങള്‍ തരം തിരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താം. തരംതിരിച്ച സാധനങ്ങള്‍ വാഹനങ്ങളില്‍ സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അനുമതി നല്‍കി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. ഇത്തരം കേന്ദ്രങ്ങളിലും അനുബന്ധ യാത്രകളിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം.
• പെട്ടിക്കടകള്‍, ഒരാള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ചെറു കടകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്താനനുമതി നല്‍കി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രവര്‍ത്തന സമയം. ഇത്തരം സ്ഥാപനങ്ങളില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം.

ഹോട്ട് സ്പോട്ട് മേഖലകള്‍ ഒഴികെ, മെയ് മൂന്ന് വരെ മാത്രമുള്ള പ്രത്യേക ഇളവുകള്‍ നല്‍കിയവ ചുവടെ ചേര്‍ക്കുന്നു

• ഇന്ന് (മെയ് ഒന്ന്) – ഫുട്വെയറുകള്‍, മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാം.
• മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ മുഴുവന്‍ വാഹന വര്‍ക്ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഇവിടെ സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കണം.
• വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ ശുചീകരണത്തിനും മറ്റ് ക്രമീകരണങ്ങള്‍ക്കുമായി മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ തുറക്കാം. ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്താനോ പുറത്തു നിന്നുള്ളവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനോ പാടില്ല.
• മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ ക്വാറികള്‍, ക്രഷറുകള്‍ എന്നിവ തുറക്കാം. ഖനനം ചെയ്ത ഉത്പന്നങ്ങള്‍ വില്‍പന നടത്താന്‍ മാത്രമാണ് അനുമതി. പുതുതായി ഖനനത്തിനും ക്രഷറുകളില്‍ ഉത്പാദനത്തിനും അനുമതിയില്ല. പ്രാദേശികമായി ലഭ്യമായ തൊഴിലാളികളെ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇവരെ ഈ കേന്ദ്രങ്ങള്‍ക്കടുത്ത് തന്നെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി താമസിപ്പിക്കണം.
• ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസുകള്‍ വൃത്തിയാക്കുന്നതിന് മെയ് രണ്ടിന് തുറക്കാം. എന്നാല്‍ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഉപഭോക്താക്കളെ സ്ഥാപനത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയോ ചെയ്യരുത്.
• മെയ് രണ്ട്, മൂന്ന് ദിവസങ്ങളില്‍ സാനിറ്ററി-പ്ലംബിംഗ് ഷോപ്പുകള്‍ തുറക്കാം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിച്ചായിരിക്കണം ഇത്തരം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടത്.
• ഉപധികളോടെ വിവിധ ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയ സ്ഥാപനങ്ങളില്‍ തൊട്ടടുത്ത ദിവസം സ്റ്റോക്കെടുപ്പും നടത്താം.
(എം.പി.എം 1569/2020)

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 127 പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 127 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 30) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 147 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 84 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,004 ആയി. 3,887 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,755 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Sharing is caring!