മലപ്പുറം ജില്ലയില്‍ കോവിഡ് വിമുക്തനായി ഒരാള്‍ കൂടി ആശുപത്രിയില്‍ നിന്ന് മടങ്ങി

മലപ്പുറം ജില്ലയില്‍ കോവിഡ് വിമുക്തനായി ഒരാള്‍ കൂടി ആശുപത്രിയില്‍ നിന്ന് മടങ്ങി

മലപ്പുറം: വിദഗ്ധ ചികിത്സയ്ക്കും തുടര്‍ നിരീക്ഷണങ്ങള്‍ക്കും ശേഷം കോവിഡ് 19 നെ അതിജീവിച്ച് ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശി മുണ്ടത്തൊടി ജാഫര്‍ (30) വീട്ടിലേയ്ക്ക് മടങ്ങി. ഇദ്ദേഹം പുതു ജീവിതത്തിലേക്ക് മടങ്ങിയത് 20 ദിവസത്തെ ചികിത്സയ്ക്കും തുടര്‍ നിരീക്ഷണങ്ങള്‍ക്കും ശേഷം. രോഗബാധ സ്ഥിരീകരിച്ച ശേഷം സര്‍ക്കാറൊരുക്കിയ കരുതലിനും തനിക്ക് ലഭ്യമാക്കിയ മികച്ച ചികിത്സയ്ക്കും നന്ദി പറഞ്ഞ് നിറഞ്ഞ സന്തോഷത്തോടെ ഒരാള്‍കൂടി പുതു ജീവിതത്തിലേയ്ക്ക് കാലെടുത്തുവച്ചപ്പോള്‍ കോവിഡിനെതിരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷീണം പൊരുതുന്ന മുഴുവന്‍ പേര്‍ക്കും അത് അഭിമാന മുഹൂര്‍ത്തമായി.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം രോഗം ഭേദമായി മടങ്ങുന്ന 18-ാമത്തെയാളാണ് ജാഫര്‍. ദുബായില്‍ നിന്ന് മാര്‍ച്ച് 19 ന് രാത്രി 8.30 നാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുറുവട്ടിശ്ശേരിയിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തി സാമ്പിളെടുത്ത് പരിശോധനക്കയച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രില്‍ ഒമ്പതിന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

19 ദിവസം നീണ്ട വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുളള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷം ഏപ്രില്‍ 27 ന് ഇയാള്‍ രോഗവിമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ രണ്ട് ദിവസത്തെ തുടര്‍ നിരീക്ഷണത്തിനു ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് ജാഫര്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷവും പ്രത്യേക നിരീക്ഷണം തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ കോവിഡ് ബാധിച്ച 19 പേരാണ് ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗമുക്തരായത്. ഇതില്‍ 18 പേരും രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങി. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 കാരന്‍ രോഗം ഭേദമായി തുടര്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ഇത്രയും രോഗികളെ കോവിഡില്‍ നിന്ന് രക്ഷിച്ച് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് വലിയ അനുഭവമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സ്മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാല്‍, ഡോ. അഫ്‌സല്‍, ആര്‍.എം.ഒമാരായ ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, മറ്റ് ജീവനക്കാര്‍ എന്നിവരും ജാഫറിനെ യാത്രയാക്കാനെത്തിയിരുന്നു.
(എം.പി.എം 1537/2020)

Sharing is caring!