ആരാധനാലയങ്ങളില്‍ ദൈവങ്ങള്‍ തന്നെയാണ് വസിക്കുന്നത്’ കേരളത്തിന്റെ നോവായി മറഞ്ഞ നൈഹയുടെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ എഴുതുന്നു…

ആരാധനാലയങ്ങളില്‍  ദൈവങ്ങള്‍ തന്നെയാണ്  വസിക്കുന്നത്’ കേരളത്തിന്റെ  നോവായി മറഞ്ഞ നൈഹയുടെ  ഫോട്ടോ പകര്‍ത്തിയ  ഫോട്ടോഗ്രാഫര്‍ എഴുതുന്നു…

മലപ്പുറം: കോഴിക്കോട് കണ്ണം പറമ്പ് ഖബര്‍സ്ഥാനിലേക്കാണ് കോവിഡ് ബാധിച്ചു ചികില്‍സയിലിരിക്കെ മരിച്ച 4 മാസം മാത്രം പ്രായമുള്ള കുരുന്നിന്റെ മൃതദേഹം ഇന്ന് അടക്കം ചെയ്യാന്‍ കൊണ്ടുവരുന്നത്. കൃത്യം രണ്ടര മണിക്ക് ബോഡി അവിടെ എത്തും. രാവിലേ തന്നെ ലഭിച്ച സുഹൃത്തിന്റെ ഫോണ്‍ കോളിലെ പ്രധാന അറിയിപ്പായിരുന്നു ഇത്. ഇന്ന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്താ ചിത്രം ഇതായതുകൊണ്ട് സമയത്തിനു മുമ്പ്തന്നെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ എത്തുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. അതനുസരിച്ച് 1.30 മണിക്ക് തന്നെ സ്ഥലത്ത് നിലയുറപ്പിച്ചു. ഞാനെത്തുന്നതിനുമുന്‍പ് തന്നെ സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു.

ഏകദേശം മൂന്നുമണിയോട് അടുക്കുമ്പോഴാണ് ഇതുവരെ ഞാന്‍ കാണാത്ത പരിചയം ഇല്ലാത്ത ആ കുഞ്ഞ് മാലാഖയുടെ മൃതദേഹം ആബുലന്‍സില്‍ അവിടേക്കെത്തിയത്. ഞങ്ങള്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രോട്ടോകോള്‍ പ്രകാരം വളരെ ദൂരത്ത് കോഴിക്കോട് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ: ആര്‍. എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലം ഒരുക്കി തന്നിരുന്നു. അവിടെ നിന്നും കുറച്ചു മാറി പള്ളിയുടെ മതിലിനു മുകളില്‍ ആണ് ഞങ്ങള്‍ ക്യാമറയില്‍ ടെലി ലെന്‍സും ഇട്ട് നിലയുറപ്പിച്ചത്. പ്രൊട്ടക്ഷന്‍ കിറ്റ് ധരിച്ച നാലുപേരില്‍ ഒരാളുടെ കയ്യില്‍ ആയിരുന്നു ആ കുരുന്നിന്റെ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ മൃതദേഹം ഉണ്ടായിരുന്നത്്.
പ്രിയ്യപ്പെട്ട സര്‍ അങ്ങ് ആ കുരുന്നിന്റെ ചേതനയറ്റ ശരീരം എടുത്ത് കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ ക്യാമറയുടെ ഷട്ടറുകളെക്കാള്‍ വേഗത്തില്‍ അങ്ങയുടെ ഹൃദയം പിടക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു . കടലോരത്ത് അതുവരെ വീശിയടിച്ച കാറ്റും, തിരമാലകളും നിശബ്ദമായി അങ്ങ് ദൂരെ മാറി നില്പുണ്ടായിരുന്നു. കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ വീണ്ടും ഒരു നിയോഗമെന്നോണം വന്നത് ഡോ : ആര്‍ എസ് ഗോപകുമാര്‍ എന്ന ദൈവതുല്യനായ മനുഷ്യന്‍ ആയിരുന്നു.

രണ്ട് വര്‍ഷംമുമ്പ് നിപയെ പ്രതിരോധിക്കാനുള്ള ടാക്സ് ഫോഴ്സിലെ അംഗം കൂടിയായിരുന്ന ഗോപകുമാറിനായിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ചുമതലയും. ‘ മയ്യിത്ത് നിസ്‌കരിക്കാന്‍ അനുവദിക്കണം മോള്‍ക്ക് വേണ്ടി എനിക്ക് അതെങ്കിലും ചെയ്യണം സര്‍ ‘ ഗോപകുമാറിനോട് കുട്ടിയുടെ പിതാവിന് ഈ ഒരാവശ്യം മാത്രമേയുണ്ടായിരുന്നുള്ളൂ മറ്റെല്ലാ വിലക്കുകളും നീക്കി അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു ആ മനുഷ്യന്‍.

കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുമ്പോള്‍ വൈറസ് ബാധയേറ്റ് മരണമടഞ്ഞ ഡോക്ടറുടെ മൃതദേഹം പൊതു ശ്മശാനത്ത് സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ വരെ തല്ലിയൊടിച്ച ഇന്ത്യയാണിത്. തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹം ആചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് കരഞ്ഞു പറയുന്ന അദ്ദേഹത്തിന്റെ ഭാര്യയെയും നമ്മള്‍ മറക്കാനിടയില്ല. അവിടെയാണ് കണ്ണം പറമ്പ് എന്ന പള്ളിയും അധികൃതരും അവിടത്തെ പരിസര വാസികളും ദൈവതുല്യരാവുന്നത്.

ആരാധനാലയങ്ങളില്‍ ദൈവങ്ങള്‍ തന്നെയാണ് വസിക്കുന്നത് എന്ന് വീണ്ടും എനിക്ക് ബോധ്യമായനിമിഷം. കേവലം അഞ്ച് നിമിഷങ്ങള്‍കൊണ്ട് ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ പ്രിയ സഹോദരാ അങ്ങ് മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആ നിമിഷം അങ്ങയുടെ നെഞ്ചില്‍ ആളിക്കത്തിയ കനലുകള്‍ ഞങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിലേക്ക് അങ്ങ് പകര്‍ന്നു നല്‍കിയിരുന്നു. നിരവധി വാര്‍ത്താചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളതാണെങ്കിലും മനസ്സില്‍ ഒട്ടും ഭയമില്ലാതെ ആഴത്തിലുള്ള ഒരു പിടപ്പായി ഇത് കിടക്കുന്നു. എല്ലാം കഴിഞ്ഞു ഞങ്ങള്‍ വിടപറയുമ്പോള്‍ ഒരു ഇളം തെന്നല്‍ തൊട്ട്തലോടി പോയിരുന്നു കുഞ്ഞേ……. അത് നീയായിരിക്കാം ….. അല്ലേ….

Sharing is caring!