ആയിരത്തോളം രോ​ഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് വി അബ്ദുറഹ്മാൻ എം എൽ എ

ആയിരത്തോളം രോ​ഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് വി അബ്ദുറഹ്മാൻ എം എൽ എ

താനൂർ: നിയോജക മണ്ഡലത്തിലെ നിർദ്ധനരായ മുഴുവൻ കിഡ്നി രോഗി രോഗികൾക്കും ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് താനൂർ എംഎൽഎ വി അബ്ദുറഹിമാൻ. മണ്ഡലത്തിൽ ഇതുവരെ ആയിരത്തോളം കിറ്റുകളാണ് വിവിധ പഞ്ചായത്തുകളിലായി നൽകിയത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ ഡയാലിസിസിനാവശ്യമായ പല മരുന്നുകൾക്കും ക്ഷാമം നേരിട്ട ഘട്ടത്തിലാണ് എം എൽ എ സ്വന്തം നിലയിൽ കാരുണ്യഹസ്തവുമായി മുന്നിട്ടിറങ്ങിയത്.

കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് മരുന്നുകളെത്തിക്കുകയായിരുന്നു. താനാളൂർ ഡയാലിസിസ് സെൻറർ, ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം, പൊൻ മുണ്ടം, ചെറിയമുണ്ടം ഹെൽത്ത് സെൻ്ററുകൾ, താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും, നിറമരുതൂർ പഞ്ചായത്തിലേയും പരിരക്ഷാ വിഭാഗം എന്നിവിടെയെല്ലാം ആവശ്യമായ മരുന്നുകളും, സർജിക്കൽ ഉപകരണങ്ങളുമെത്തിച്ചു നൽകി.
വാണിയന്നൂരിൽ സൗജന്യചികിത്സ നടത്തി വരുന്ന അഭയം ഡയാലിസിസ് സെൻ്ററിനും, മുഴുവൻ രോഗികൾക്കുമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്.

മണ്ഡലത്തിലെ മറ്റു രോഗികൾ അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നുകളെത്തിക്കാൻ എം എൽ എ സജ്ജീകരണങ്ങളേർപ്പെടുത്തി. മെഡിക്കൽ കോളേജിൽ നിന്നും മറ്റും സൗജന്യ നിരക്കിൽ ലഭിച്ചിരുന്ന മരുന്നുകൾ കിട്ടാതായപ്പോൾ വൻ വില നൽകി പുറത്തു നിന്ന് വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയ അനേകം പേർക്ക് എം എൽ എയുടെ ദൗത്യം ഉപകാരമായി.

ഇതിനു പുറമേ തിരൂർ ജില്ലാ ആശുപത്രിയിലെ പാലിയേറ്റ് വിഭാഗത്തിലുള്ള മുഴുവൻ രോഗികൾക്കും എംഎൽഎയുടെ നേതൃത്വത്തിൽ മരുന്നുകളെത്തിച്ചു. താനാളൂർ ഡയാലിസിസ് സെൻ്ററിലേക്ക് മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ വാങ്ങാൻ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സേവന പ്രവർത്തനങ്ങളുമായി നിർധനരായ രോ​ഗികൾക്ക് ആശ്വാസമാവുകയാണ് വി അബ്ദുറഹ്മാൻ എം എൽ എയുടെ നേതൃത്വത്തിൽ താനൂർ.

Sharing is caring!