മഹാമാരികളെ തുരത്താന്‍ കായിക വിദ്യാഭ്യാസം ലോവര്‍ പ്രൈമറി തലം മുതല്‍ നടപ്പാക്കണം: കാലിക്കറ്റ് സര്‍വകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

മഹാമാരികളെ തുരത്താന്‍  കായിക വിദ്യാഭ്യാസം  ലോവര്‍ പ്രൈമറി തലം  മുതല്‍ നടപ്പാക്കണം:  കാലിക്കറ്റ് സര്‍വകലാശാല  കായിക വകുപ്പ് മേധാവി  ഡോ. സക്കീര്‍ ഹുസൈന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

തേഞ്ഞിപ്പലം: കോവിഡ് 19 ഉള്‍പ്പെടെയുള്ള മഹാമാരികളില്‍ നിന്ന് പ്രതിരോധശേഷി കൈവരിക്കാന്‍ കായിക വിദ്യാഭ്യാസം ലോവര്‍ പ്രൈമറി തലം മുതല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.രാജ്യത്തുള്ള 70 ശതമാനം വിദ്യാര്‍ഥികളും ശാരീരികമായി ഫിറ്റല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അതിനാല്‍ സ്‌കൂള്‍ കരിക്കുലം മുതല്‍ കായിക വിദ്യാഭ്യാസം നിലബസില്‍ ഉള്‍പ്പെടുത്തണം. ഇരിക്കേണ്ടതും നടക്കേണ്ടതും എങ്ങനെയെന്നും ബോള്‍ എങ്ങനെ പിടിക്കണമെന്നും എറിയണമെന്നും തുടങ്ങിയ കാര്യങ്ങള്‍ മുഴുവനാളുകളും അറിഞ്ഞിരിക്കണം.രാജ്യത്തെ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ പഠന നിലവാരത്തില്‍ മുന്നിലാണെങ്കിലും ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ പിറകിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.പഞ്ചായത്തുതലത്തില്‍ വാക്കേഴ്‌സ് ക്ലബുകള്‍ രൂപീകരിക്കണം. റോഡിന്റെ ഇരുവശങ്ങളിലും നടക്കാനുള്ള സൗകര്യമൊരുക്കണം. സ്‌പോര്‍ട്‌സിനും കായിക വിദ്യാഭ്യാസത്തിനും സംസ്ഥാനങ്ങള്‍ ബജറ്റില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തുകയും ആരോഗ്യമുള്ള ജനതയെ സൃഷ്ടിച്ച് പ്രതിരോധ ശേഷിയില്‍ ലോകത്തിന് മാതൃകയാവുന്ന പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കണമെന്നും വാഴ്‌സിറ്റി കായിക വകുപ്പ് മേധാവിയായ ഡോ.സക്കീര്‍ ഹുസൈന്റെ നിര്‍ദ്ദേശങ്ങളിലുണ്ട്.

Sharing is caring!