കോവിഡ്19: മലപ്പുറം ജില്ലയില്‍ ഏഴ് പഞ്ചായത്തുകളും ഒരുനഗരസഭയും ഹോട്ട് സ്പോടുകള്‍

കോവിഡ്19: മലപ്പുറം  ജില്ലയില്‍ ഏഴ്  പഞ്ചായത്തുകളും ഒരുനഗരസഭയും  ഹോട്ട് സ്പോടുകള്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഹോട്ട് സ്‌പോട് പ്രദേശങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളതുമായ ഏഴ് ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് ഹോട്ട് സ്‌പോടില്‍ ഉള്‍പ്പെടുന്നത്. മഞ്ചേരി നഗരസഭയാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടത്. വേങ്ങര, ചുങ്കത്തറ, തെന്നല, ഒഴൂര്‍, തലക്കാട്, കണ്ണമംഗലം, എ.ആര്‍. നഗര്‍ എന്നീ പഞ്ചായത്തുകളും നിലവില്‍ ഹോട്ട് സ്‌പോടുകളാണ്. ഇവിടങ്ങളില്‍ അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഹോട്ട് സ്‌പോടായി പ്രഖ്യാപിച്ച ഏഴ് ഗ്രാമ പഞ്ചായത്തുകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യങ്ങള്‍ക്കു മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ കൂട്ടം കൂടുന്ന സാഹചര്യം യാതൊരു കാരണവശാലും അനുവദിക്കില്ല. ഇക്കാര്യം പൊലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കും.

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ട് സ്‌പോടില്‍ പെടാത്ത മേഖലകളിലും നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമില്ല. രോഗവ്യാപനം കുറയുന്നത് കണക്കിലെടുത്ത് നിലവിലുള്ള സാമൂഹിക അകലവും ആരോഗ്യ ജാഗ്രതയും ലംഘിക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി.

Sharing is caring!