ഭൂമിയില്‍ നമ്മുടെ ജീവിതം എത്ര ഉത്തരവാദിത്തത്തോടെ യായിരിക്കണമെന്ന വലിയ ഓര്‍മപ്പെടുത്തലാണ് ഇക്കാലം: സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

ഭൂമിയില്‍ നമ്മുടെ ജീവിതം എത്ര ഉത്തരവാദിത്തത്തോടെ യായിരിക്കണമെന്ന വലിയ  ഓര്‍മപ്പെടുത്തലാണ് ഇക്കാലം: സയ്യിദ് ഇബ്റാഹീമുല്‍  ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഓര്‍മപ്പെടുത്തുന്ന മഹാമാരിക്ക് നടുവിലാണ് വിശുദ്ധ റമളാന്‍ വിരുന്നെത്തിയിരിക്കുന്നത്. ഭൂമിയില്‍ നമ്മുടെ ജീവിതം എത്ര ഉത്തരവാദിത്തത്തോടെയായിരിക്കണമെന്ന വലിയ ഓര്‍മപ്പെടുത്തലാണ് ഇക്കാലം നല്‍കുന്നത്.
അല്ലാഹുവിന്റെ അപാരമായ കരുണയ്ക്കായുള്ള തേട്ടങ്ങളും കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനാ നിമിഷങ്ങളുമാണ് നോമ്പിന്റെ സൗന്ദര്യം. സ്വന്തം ശരീരത്തോടും ഒപ്പമുള്ളവരോടും പ്രകൃതിയോടും ചെയ്ത അതിക്രമങ്ങളില്‍ വേദനിച്ച് അവ ഏറ്റു പറഞ്ഞ് വിമലീകരിക്കപ്പെടുന്ന മനസ്സുകളാണ് റമളാനിന്റെ സമ്മാനം. കോവിഡ് കാലത്ത് മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഇരട്ടപ്പുണ്യം ലഭിക്കുമെന്നുറപ്പാണ്. വ്രത ശുദ്ധിക്കായുള്ള അല്ലാഹുവിന്റെ കല്‍പനയനുസരിച്ചതിന്റെ കൂലിയും മഹാമാരിയില്‍ മനസ്സും ശരീരവും വിങ്ങുമ്പോള്‍ ക്ഷമയോടെയും സഹനത്തോടെയും അതിനെ നേരിട്ടതിന്റെ പുണ്യവും തീര്‍ച്ചയാണ്.
പല തരത്തിലാണെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഗ്രസിച്ചിരിക്കുന്ന കൊറോണയുടെ ഭീതിയില്‍ കഴിയുന്നത്ര സഹായ സഹകരണങ്ങള്‍ ചെയ്യാനും പരസ്പര സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കാനുമുള്ള അവസരമായി വിശുദ്ധ റമളാനിനെ ഉപയോഗപ്പെടുത്തണം. ആളുകളെ ഒരുമിച്ചു കൂട്ടിയുളള ഇഫ്താറുകളില്ലെങ്കിലും കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണത്തിനും മരുന്നിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള സഹായമെത്തിക്കണം. ദിവസക്കൂലിക്കാരായ സമൂഹത്തിലെ ഭുരിപക്ഷം വരുന്ന ആളുകള്‍ ഈ പ്രതിസന്ധിയില്‍ വല്ലാതെ നരകിക്കുകയാണ്. അഭിമാനം കൊണ്ട് തങ്ങളുടെ കഷ്ടപ്പാടുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിരത്താന്‍ മടിക്കുന്ന ഒരുപാട് പേരുണ്ട് സമൂഹത്തില്‍. അവര്‍ക്ക് അത്താണിയാവാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. പുണ്യ റമളാനിന്റെ ഏറ്റവും വലിയ സുകൃതമായിരിക്കും ഇത്തരക്കാരെ സഹായിക്കല്‍.
ആധുനിക മനുഷ്യാനുഭവത്തിലെ ഏറ്റവും വലിയ ശത്രുവിനെയാണ് നാം നേരിടുന്നത്. പള്ളികളും സ്ഥാപനങ്ങളും സജീവമായിരുന്ന റമളാന്‍ കാഴ്ചകള്‍ ഇക്കുറിയില്ല. സര്‍ക്കാറിന്റെയും ആരോഗ്യ വിദഗ്ധരുടെയും ആഹ്വാനവും മുന്നറിയിപ്പുമുള്‍ക്കൊണ്ട് ആരാധനകള്‍ വീടുകളില്‍ തന്നെയാണ് നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യത്തില്‍ ആരും വിഷമിക്കേണ്ടതില്ല. പള്ളിയില്‍ നിന്ന് നിര്‍വ്വഹിക്കുന്ന അതേ സുകൃതം നമുക്ക് വീടുകളിലെ ആരാധനകള്‍ക്ക് ലഭിക്കും. പുറത്തിറങ്ങി ജീവനെ അപകടപ്പെടുത്തുന്നതാണ് ഏറ്റവും വലിയ തെറ്റ്.
മഹാമാരിയുടെ വിപത്തില്‍ നിന്ന് ലോകത്തിന് എത്രയും വേഗം രക്ഷ കിട്ടാനും ഈ കാലയളവില്‍ ഉണ്ടായ നഷ്ടങ്ങളെ മറികടക്കുന്ന ഐശ്വര്യമുണ്ടാവാനും വിശുദ്ധ റമളാന്‍ ദിനങ്ങളില്‍ പ്രാര്‍ത്ഥിക്കുക. ഏതു പ്രതിസന്ധിയിലും നമ്മുടെ കൈ പിടിച്ചിരുന്ന പ്രവാസികളെ നാം ദുആകളില്‍ പ്രത്യേകം ഓര്‍ക്കണം. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഖജനാവ് കാലിയല്ല. അതാണ് നമ്മുടെ പ്രതീക്ഷ.

Sharing is caring!