കോവിഡ് 19: മലപ്പുറം ജില്ലയിലെ 13 മേഖലകള്‍ ഹോട്ട് സ്പോട്ടുകള്‍

കോവിഡ് 19: മലപ്പുറം ജില്ലയിലെ 13 മേഖലകള്‍   ഹോട്ട് സ്പോട്ടുകള്‍

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിധീകരിച്ചു. പുതിയ പട്ടിക പ്രകാരം ജില്ലയിലെ 13 മേഖലകളാണ് ഹോട്ട് സ്പോട്ടില്‍ പെടുന്നത്.
തിരൂരങ്ങാടി നഗരസഭ, വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്, തെന്നല ഗ്രാമ പഞ്ചായത്ത്, വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത്, എടരിക്കോട് ഗ്രാമ പഞ്ചായത്ത്, വേങ്ങര ഗ്രാമ പഞ്ചായത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്, കുന്നമംഗലം ഗ്രാമപഞ്ചായത്ത്, എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്ത്, തലക്കാട് ഗ്രാമപഞ്ചായത്ത്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളാണ് നിലവില്‍ ജില്ലയില്‍ ഹോട്ട് സ്പോട്ടില്‍ പെടുന്നത്. ഇവിടങ്ങളില്‍ അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്.

കോവിഡ് 19: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലാബിന് ഐ.സി.എം.ആറിന്റെ പ്രവര്‍ത്തനാനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് സംശയിക്കുന്നവരുടെ പരിശോധനാ ഫലങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാകും. ആദ്യ ദിവസം 22 സാമ്പിളുകളാണ് ലാബില്‍ പരിശോധിച്ചത്.

ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി. കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍ തുടങ്ങിയവര്‍ ആദ്യ ദിവസം ലാബിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രാ ബയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ലാബിന്റെ പ്രവര്‍ത്തനം. ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേസ് പി.സി.ആര്‍ മെഷീനിലൂടെയാണ് പരിശോധന നടത്തുന്നത്. നാല് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദിവസം 100 മുതല്‍ 150 സാമ്പിളുകള്‍ വരെ ലാബില്‍ പരിശോധന നടത്താനാകും. വിദഗ്ധ പരിശീലനം ലഭിച്ച ആറ് ലാബ് ടെക്‌നീഷ്യന്‍മാരാണ് കോവിഡ് പരിശോധനയ്ക്കു മാത്രം ലാബിലുള്ളത്.

രണ്ട് മെഷീനുകളാണ് സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ മെഷീനാണ് ഇപ്പോള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ മെഷീന്‍ ഉടന്‍ ലാബിലെത്തുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി അറിയിച്ചു. എം. ഉമ്മര്‍ എം.എല്‍.എ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 29 ലക്ഷം രൂപ ചെലവിലാണ് ലാബ് സജ്ജീകരിച്ചത്. ഇതുവരെ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് കോവിഡ് പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിച്ചിരുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ സര്‍വ്വ ആയുധങ്ങളുമെടുത്ത് അക്ഷീണം പൊരുതുന്ന മലപ്പുറം ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഒരു വലിയ കൈത്താങ്ങാണ് പുതിയ ലാബ്.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 79 പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 79 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 21) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 120 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 64 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,071 ആയി. 2,749 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,055 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Sharing is caring!