മുഖ്യമന്ത്രി പിണറായി വിജയൻ നാടുവാഴി രാഷ്ട്രീയം അവസാനിപ്പിക്കണം; പി കെ ബഷീർ

മുഖ്യമന്ത്രി പിണറായി വിജയൻ നാടുവാഴി രാഷ്ട്രീയം അവസാനിപ്പിക്കണം; പി കെ ബഷീർ

എടവണ്ണ: മുഖ്യമന്ത്രി പിണറായി വിജയൻ നാടുവാഴി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പി കെ ബഷീർ എം എൽ എ. ഇരട്ട ചങ്കല്ല മുഖ്യമന്ത്രിക്ക് ഇരട്ട വ്യക്തിത്വമാണ് ഉള്ളതെന്ന് കെ എം ഷാജി വിഷയത്തോടെ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി. എത്ര ചിരി ചിരിച്ചാലും, കരുതൽ ഡയലോ​ഗുകൾ അടിച്ചാലും ഉള്ളിന്റെ ഉള്ളിൽ പി ആർ കമ്പനികൾ ചങ്ങലയ്ക്കിട്ട ഫാസിസ്റ്റ്-ഫ്യൂഡൽ പാർട്ടി സെക്രട്ടറി ഇ‌യ്ക്കിടെ പുറത്തുവരുമെന്ന് പി കെ ബഷീർ പറഞ്ഞു.

തന്റെ പ്രതിച്ഛായക്ക് ഏൽപ്പിച്ച കളങ്കത്തിന് പക തീർക്കാനാണ് കെ എം ഷാജിക്കെതിരെ നിയമോപദേശം പോലും മറികടന്ന് കേസെടുത്തതതെന്ന് സാമാന്യ ബോധമുള്ള മലയാളികൾക്കറിയാം. അധികാരമുണ്ടെന്ന് വിചാരിച്ച് ലീ​​ഗിന്റെ നേതാക്കൻമാരുടെ ദേഹത്ത് കുതിര കയറാൻ വരണ്ട. ഇതുപോലെ കുറേ ആളുകൾ കേരളം ഭരിച്ച് പോയിട്ടുണ്ട്. ഷാജിയോട് കോഴിക്കോട്ടെ പത്രക്കാര് ചോദിച്ച പോലുള്ള രണ്ട് ചോദ്യം സംയമനത്തോടെ നേരിടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. കടക്കു പുറത്ത് എന്ന് പറയമ്പോൾ ഓച്ഛാനിച്ച് പുറത്തു പോകാൻ ഓട് പൊളിച്ച് വന്നവരല്ല ഞങ്ങൾ. ജനാധിപത്യ രീതിയിൽ തന്നെ ജനങ്ങൾ അധികാരപ്പെടുത്തിയവരാണ്. അതിനി പിണറായി അല്ല സാക്ഷാൽ സ്റ്റാലിൻ തന്നെ ശവകല്ലറ പൊളിച്ച് വന്നാലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കേവലം വാഴ്ത്തുപാട്ടുകൾ മാത്രം കേൾക്കാൻ ആ​ഗ്രഹിക്കുന്ന ഏകാധിപതിയായി മുഖ്യമന്ത്രി അധപതിക്കുന്നു. വീരകഥകൾ പാടി നടക്കുന്ന പാണൻമാരെ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടു ശീലിച്ച പിണറായി തമ്പ്രാൻ എതിർ ശബ്ദം കേട്ടതോടെ ആകെ അസ്വസ്ഥനായി. ഉള്ളിൽ ചങ്ങലക്കിട്ട നാടുവാഴി ആരവിടെ എന്ന ആക്രോശവുമായി ചാടി പുറത്തു വന്നു. ഉടൻ തന്നെ ശരി തമ്പ്രാ എന്ന് നടുവളച്ച് പറഞ്ഞ് വിജിലൻസ് വക കെ എം ഷാജിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

കെ എം ബഷീറെന്ന മാധ്യമ പ്രവർത്തകനെ കാറി‌ടിച്ച് കൊന്ന കേസിലെ പ്രതിയെ ഇതിനിടയിൽ തിരിച്ചെടുത്തതും, മലയാളികളുടെ ഡാറ്റ വിറ്റ് കാശാക്കിയതും, ദുരിതാശ്വാസ നിധിയുടെ സുതാര്യത ഇല്ലായ്മയുമെല്ലാം പ്രതിപക്ഷം ചോദ്യം ചെയ്യുമെന്ന് അ​ദ്ദേഹം പറഞ്ഞു. കൊറോണ കാലത്ത് മുസ്ലിം ലീ​ഗ് നൽകിയ പിന്തുണ ഓരോന്നായി എടുത്തു പറഞ്ഞ മുഖ്യമന്ത്രി ലീ​ഗിന്റെ ഭാ​ഗത്ത് നിന്നുള്ള വിമർശനം കേൾക്കുമ്പോൾ എന്താണ് സംയമനം പാലിക്കാത്തതെന്ന് പി കെ ബഷീർ ചോദിച്ചു. നാട്ടിലെ ജനങ്ങൾക്കു വേണ്ടിയാണ് പ്രതിപക്ഷം ശബ്ദിച്ചത്. ജനാധിപത്യ രാജ്യത്ത് അത്തരം ശബ്ദങ്ങളും ഉയർന്നു വരും. അത്തരം സമയങ്ങളിൽ ഇരട്ട ചെവിയും തുറന്നു വെക്കണം, അല്ലാതെ പ്രകീർത്തനങ്ങൾ കേൾക്കാൻ മാത്രം കാത്തിരിക്കുന്ന അഭിനവ നാടുവാഴിയായി പിണറായി മാറരുതെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!