പോപ്പീസിന്റെ കോവിഡ് കാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയുടെ അഭിനന്ദനം

പോപ്പീസിന്റെ കോവിഡ് കാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയുടെ അഭിനന്ദനം

മലപ്പുറം:പോപ്പീസിന്റെ കോവിഡ് 19 കാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് സ്ഥലം എം പി രാഹുല്‍ഗാന്ധി. കോവിഡ് കാലത്ത് മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കുകയും, സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ലോക്ക് ഡൗൺ കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉടുപ്പുകള്‍ സൗജന്യമായ് വിതരണം ചെയ്തതതിനെയും അഭിനന്ദിച്ചാണ് രാഹുല്‍ ഗാന്ധി പോപ്പീസ് എം ഡി ഷാജുതോമസിന് കത്തയച്ചത്. വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ തിരുവാലി എന്ന ​ഗ്രാമത്തിലാണ് കുട്ടികളുടെ ആ​ഗോള വസ്ത്ര നിർമാണ ബ്രാൻഡായ പോപ്പീസ് പ്രവര്‍ത്തിക്കുന്നത്.

പോപ്പീസിലെ ഓരോ ജീവനക്കാരന്റെയും ഈ സമയത്തെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. കോവിഡ് പോലൊരു മഹാവിപത്തിനെതിരെ കേരളജനത സംഘടിതമായാണ് പൊരുതുന്നത്. ആളുകളെ സംരക്ഷിക്കാനും അവര്‍ക്ക് വേണ്ട കരുതല്‍ നല്‍കാനും കേരളത്തിലെ ജനങ്ങള്‍ക്ക് തുടക്കം മുതലേ സാധിച്ചിട്ടുണ്ട്. പല സംഘടനകളും ആളുകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സന്തോഷകരമാണ്. പോപ്പീസിന്റെ ഈ പ്രവര്‍ത്തനം കൂടുതലാളുകള്‍ക്ക് പ്രജോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിലൂടെ രാഹുല്‍ ഗാന്ധി അറിയിച്ചു. പോപ്പീസിന്റെ ഭാവിയിലെ നേട്ടങ്ങള്‍ക്ക് ഭാവുകങ്ങള്‍ അറിയിച്ച് കൊണ്ടാണ് എം പി കത്ത് അവസാനിപ്പിച്ചത്.

നവജാത ശിശുക്കളുടെ വസ്ത്രങ്ങളുടെ അഭാവം മുഖ്യമന്ത്രി അറിയിച്ചപ്പോള്‍ കോവിഡ് കാലത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി കുഞ്ഞുടുപ്പുകള്‍ നല്‍കാന്‍ തയ്യാറായി ഷാജുതോമസ് മുന്നോട്ട് വരികയായിരുന്നു. സ്തുത്യര്‍ഹമായ ഈ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിയും അഭിനന്ദിച്ചിരുന്നു.

അണുവിമുക്തവും ജൈവികവുമായ വസ്ത്രങ്ങളാണ് പോപ്പീസ് നിര്‍മ്മിച്ചു നല്‍കുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് ഓരോ ഉടുപ്പും നെയ്യുന്നത്. വസ്ത്ര നിര്‍മ്മാണത്തിനുള്ള തുണികളെകുറിച്ചും തൊഴില്‍ അന്തരീക്ഷത്തെകുറിച്ചും അന്വേഷിച്ച് ഉറപ്പ് വരുത്തിയാണ് വസ്ത്ര വിതരണത്തിനുള്ള അനുമതി മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചത് എന്നും പോപ്പീസ് എം ഡി ഷാജു തോമസ് പറഞ്ഞു.

ഓരോ കുഞ്ഞുങ്ങൾക്ക് മൂന്ന് ജോഡി വസ്ത്രങ്ങൾ വീതമാണ് നൽകിയത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വസ്ത്രങ്ങൾ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.

Sharing is caring!