മുഖ്യമന്ത്രിയുടെ അസഹിഷ്ണുത ജനാധിപത്യ വിരുദ്ധം ഇ.ടി.

മുഖ്യമന്ത്രിയുടെ അസഹിഷ്ണുത  ജനാധിപത്യ വിരുദ്ധം ഇ.ടി.

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു കെ.എം ഷാജി എം.എൽ.എ യുടെ ഫേസ് ബുക്ക് പോസ്റ്റിനോട് മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. പ്രളയം വന്നപ്പോഴും ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ദുരിത ബാധിതരെ ഹൃദയത്തോട് ചേർത്ത് പിടിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്. പാർട്ടിയുടെ ജനപ്രതിനിധികളും കെ. എം സി.സി, വൈറ്റ് ഗാർഡ് അടക്കമുള്ള പോഷക സംഘടനകളും ഈ രംഗത്ത് ചെയ്യുന്ന സേവനം ഇന്ന് വിദേശ മാധ്യമങ്ങളടക്കം ചർച്ച ചെയ്യുകയാണ്. മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും വസ്തുക്കളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയ വിവരം മുഖ്യമന്ത്രി തന്നെയാണ് സമൂഹത്തെ അറിയിച്ചത്.

നിയമസഭാ അംഗം എന്ന നിലയിലുള്ള വേതനം കിട്ടാതിരുന്നിട്ടും ഒരു മാസത്തെ വേതനത്തിനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം നിലയിൽ സംഭാവന നൽകിയ ഷാജിയുടെ മനസ്സ് തിരിച്ചറിയാൻ മുഖ്യമന്ത്രിക്ക് കഴിയണമായിരുന്നു . മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും വീതം വെച്ചുകൊടുത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ പോലും മറുപടി പറയാൻ ഇതുവരെ മുഖ്യമന്ത്രിക്ക് ആയിട്ടില്ല . എറണാകുളത്ത് പ്രളയഫണ്ട് തട്ടിപ്പിൽ പങ്കാളികളായ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും ഇപ്പോൾ നിയമ നടപടി നേരിടുകയാണ്. സർക്കാരിന്റെ ഫണ്ട് വിനിയോഗത്തിലെ സുതാര്യത ചോദ്യം ചെയ്ത കെ.എം ഷാജിയുടെ അഭിപ്രായത്തെ വികല മനസ്സായി കണ്ട മുഖ്യമന്ത്രിക്ക് ദൃഷ്ടി വൈകല്യമാണ്.

നിരപരാധികളായ ചെറുപ്പക്കാരെ ചരിത്രത്തിൽ തുല്യതയില്ലാത്ത രീതിയിൽ നിഷ്ടൂരമായി കൊന്നുതള്ളുകയും
കൊലയാളികളായ പാർട്ടി ക്രിമിനലുകളെ രക്ഷിക്കാൻ സർക്കാർ ഖജനാവിലെ കോടികൾ ചിലവയിക്കുന്നവർക്കുമാണ് വികല മനസ്സുള്ളത്. പൊതുപണം
കൊലപാതികളെ രക്ഷിക്കാൻ ഉപയോഗിച്ചത് കേരളത്തിന് തന്നെ അപമാനമാണ്.

മുഖ്യമന്ത്രി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ കേരളീയർ ഒരു മനസ്സോടെ രംഗത്തുണ്ടാവും. സർക്കാറുമായി
സഹകരിക്കുന്നതിനൊപ്പം തെറ്റായ നടപടികൾക്കെതിരെ മുസ്‌ലിം ലീഗ്
പ്രതികരിക്കും. പ്രളയ കാലത്തെ പോലെ കോവിഡ് ഫണ്ടും വകമാറ്റി ചിലവഴിക്കുന്നതിന്നെതിരെയുള്ള ഒരു ജനപ്രതിനിധിയുടെ മുന്നറിയിപ്പ് രണ്ടാം കിട രാഷ്ട്രീയ
പ്രശ്നമാക്കി മാറ്റിയ മുഖ്യമന്ത്രി തെറ്റ് തിരുത്താൻ തയാറാവണമെന്നും ഇ. ടി. മുഹമ്മദ്‌ ബഷീർ ആവശ്യപ്പെട്ടു.

Sharing is caring!