നീതിതേടി നിയമ പോരാട്ടവുമായി ഇപ്പോഴും മനാഫിന്റെ കുടുംബം
മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു. നാടിനെ നടുക്കിയ അരുംകൊല കഴിഞ്ഞ് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും നീതിതേടി നിയമപോരാട്ടം തുടരുകയാണ് മനാഫിന്റെ കുടുംബം. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടന് ഷെഫീഖ് (50)ഇപ്പോഴും ദുബായില്‍ സുഖവാസം തുടരുകയാണെന്നാണ് മനാഫിന്റെ കുടുംബത്തിന്റെ പരാതി.
ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ 2018 ജൂലൈ 25ന്റെ ഉത്തരവ് രണ്ടു വര്‍ഷമാകുമ്പോഴും പോലീസ് നടപ്പാക്കിയിട്ടില്ല. ഷെഫീഖിന്റെ ഫോട്ടോയും വീഡിയോയുമടക്കം ബന്ധുക്കള്‍ പോലീസിനു കൈമാറിയിട്ടും ഇതുവരെ ലുക്കൗട്ട് നോട്ടീസ്പോലും ഇറക്കിയിട്ടില്ല. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.
നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ) സി. ശ്രീധരന് നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. അന്‍വര്‍ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന് അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
23 വര്‍ഷമായി അന്‍വറിന്റെ സഹോദരീപുത്രന്മാരായ ഒന്നാം പ്രതി മാലങ്ങാടന് ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ് (51), കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ ഒളിവില്‍കഴിയുകയായിരുന്നു. മനാഫിന്റെ സഹോദരന് അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടാന്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് 2018 കഴിഞ്ഞ ആഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി.
മനാഫിന്റെ പിതൃസഹോദരി ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന് ഉണ്ണിമുഹമ്മദിന്റെ സഹോദരന് കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രില്‍ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയില്‍ മടങ്ങിപോകുന്നതിനിടെ ഓട്ടോ തടഞ്ഞ് അന്‍വറിന്റെ സഹോദരീ പുത്രനും കേസിലെ പ്രതിയുമായ മാലങ്ങാടന് സിയാദ് ,ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മര്‍ദ്ദിച്ചു. തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റു. ആലിക്കുട്ടിയുടെ കണ്മുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.
23 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായ പ്രതികളെ വിചാരണ ചെയ്യാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന മനാഫിന്റെ സഹോദരന് അബ്ദുല്‍റസാഖിന്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ മനാഫ് വധക്കേസില്‍ പൊതുതാല്പര്യമില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാകുമെന്നും കാണിച്ചുള്ള ഡി.ജി.പി ശ്രീധരന്‍നായരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാനാവില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ച് അബ്ദുല്‍റസാഖ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും റസാഖ് നിര്‍ദ്ദേശിക്കുന്ന അഭിഭാഷകപാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. ഇപ്പോഴും ദുബായില്‍ കഴിയുന്ന എം.എല്‍.എയുടെ അനന്തിരവനായ ഒന്നാം പ്രതിയെ പിടികൂടാന്‍ നടപടിയും സ്വീകരിച്ചിട്ടില്ല. ലുക്കൗട്ട് നോട്ടീസിറക്കി ഒന്നാം പ്രതി ഷെഫീഖിനെ പിടികൂടണമെന്ന കോടതി ഉത്തരവ് രണ്ടു വര്‍ഷമായിട്ടും പാലിക്കാത്തതില്‍ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോല് മനാഫിന്റെ സഹോദരന് അബ്ദുല്‍ റസാഖ്.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]