മദ്‌റസ മുഅല്ലിംകള്‍ക്ക് സമസ്ത ധനസഹായം പ്രഖ്യാപിച്ചു

മദ്‌റസ മുഅല്ലിംകള്‍ക്ക് സമസ്ത ധനസഹായം പ്രഖ്യാപിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഅല്ലിംകള്‍ക്കും എസ്.കെ.ഐ.എം.വി ബോര്‍ഡ് മുഫത്തിശുമാര്‍, മുജവ്വിദുമാര്‍ എന്നിവര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ധനസഹായം പ്രഖ്യാപിച്ചു.
കോവിഡ്-19 ന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദൈനംദിന ജീവിതത്തില്‍ വന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് മുഅല്ലിംകള്‍ക്ക് ആയിരം രൂപ വീതവും മുഫത്തിശുമാര്‍, മുജവ്വിദുമാര്‍ എന്നിവര്‍ക്ക് ആയരിത്തി അഞ്ചൂറ് രൂപവീതവും സമസ്ത ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം വരുന്ന അംഗീകൃത മദ്‌റസകളിലെ മുഴുവന്‍ മുഅല്ലിംകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മൂലം 2020 മാര്‍ച്ച് 11 മുതല്‍ മദ്‌റസകള്‍ക്ക് അവധി നല്‍കിയിരുന്നു. മദ്‌റസകളില്‍ നിന്ന് ലഭിക്കുന്ന ചെറിയ ശമ്പളം കൊണ്ട് മാത്രമാണ് ഭൂരിപക്ഷം മുഅലിംകളുടെയും കുടുംബത്തിന്റെയും ദൈനംദിന ജീവിതം കഴിഞ്ഞു കൂടുന്നത്. അതോടൊപ്പം വിശുദ്ധ റമളാനും സമാഗതമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു ആശ്വാസമെന്ന നിലക്ക് മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചതെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അറിയിച്ചു.
മുഅല്ലിംകള്‍ക്ക് റെയ്ഞ്ച് കമ്മിറ്റികള്‍ മുഖേനയും മുഫത്തിശുമാര്‍, മുജവ്വിദുമാര്‍ എന്നിവര്‍ക്ക് ഓഫീസില്‍ നിന്ന് നേരിട്ട് എകൗണ്ട് വഴിയും തുക ലഭ്യമാക്കും. റെയ്ഞ്ച് സെക്രട്ടറിമാര്‍ തങ്ങളുടെ റെയ്ഞ്ചിന്റെ പേര്, നമ്പര്‍, മദ്‌റസകളുടെ എണ്ണം, ലിസ്റ്റ് അതാത് മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഅല്ലിംകളുടെ പേര് വിവരം, ഫോണ്‍ നമ്പര്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബാങ്ക് എക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്ക് ബ്രാഞ്ചിന്റെ പേര് എന്നിവ 22-04-2020 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ധനസഹായം കൈപ്പറ്റിയ മുഅല്ലിംകളുടെ ഒപ്പു സഹിതമുള്ള ലിസ്റ്റ് റെയ്ഞ്ച് സെക്രട്ടറിമാര്‍ യഥാ സമയം ഓഫീസില്‍ ലഭ്യമാക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Sharing is caring!