കോവിഡ് ഭീതിക്കിടയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ മറ്റൊരു ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവം താനൂരില്‍

മലപ്പുറം: ജനംകോവിഡ് ഭീതിയില്‍ കഴിയുന്നതിനിടയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ മറ്റൊരു ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവം മലപ്പുറം താനൂരില്‍. താനൂര്‍ തീരദേശത്താണ് വീണ്ടും അക്രമം നടന്നത്. ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. ത്വാഹാബീച്ച് സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് ശേഷമാണ് സംഭവം. താഹാബീച്ചില്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ബേക്കറിക്കു മുന്നിലാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോന്നതായിരുന്നു. തുടര്‍ച്ചയായി ഹോണടിക്കുന്ന ശബ്ദം കേട്ട് കടയുടെ സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓട്ടോയില്‍ നിന്ന് തീ പടര്‍ന്ന് കടയുടെ നെയിംബോര്‍ഡും നശിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് ട്രോമാകെയര്‍ പ്രവര്‍ത്തകനായ ത്വാഹാ ബീച്ച് സ്വദേശി ജാബിറിനെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നു സംശയിക്കപ്പെടുന്നു. മൂന്നു മാസം മുമ്പ് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ് ഓട്ടോയെന്ന് ഹാരിസ് പറഞ്ഞു. അടച്ചുപൂട്ടല്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പൊലീസ് പിടികൂടുന്നത് ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയതിന് അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ആക്രമണം എന്നാണ് ഹാരിസിന്റെയും അഭിപ്രായം.
ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓട്ടോ കത്തിച്ചതാവാനുള്ള സാദ്ധ്യത ഏറെയാണെന്നും ഹാരിസിന് രാഷ്ട്രീയ പാര്‍ടികളുമായി അടുത്ത ബന്ധമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും താനൂര്‍ സി ഐ പി പ്രമോദ് പറഞ്ഞു. സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായും സി ഐ അറിയിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
തീര്‍ത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് ലോക് ഡൗണ്‍ കാലത്തും ആക്രമം വിതയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച വി അബ്ദുറഹ്മാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജന സേവന രംഗത്ത് പൊലീസിനെയും, ഫയര്‍ഫോഴ്സിനെയുെമെല്ലാം ഏറെ സഹായിക്കുന്ന സന്നദ്ധ സേനാംഗങ്ങളെ ആക്രമിക്കുന്നതിലൂടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനു നേതൃത്വം നല്‍കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു.
താനൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ട്രോമാകെയര്‍ വളണ്ടിയറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത് കഴിഞ്ഞ ദിവസമാണ്. പുലര്‍ച്ചെ മന്നരയോടെ ബൈക്കില്‍ പോവുകയായിരുന്ന ജാബിറിനെ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചംഗ സംഘം വെട്ടുകയായിരുന്നുവെന്നാണു പോലീസിന് നല്‍കി മൊഴി. താനൂര്‍ പണ്ടാരകടപ്പുറം സ്വദേശി പൗറുകടവത്ത് ജാബിറി(27)നെയാണ് ആക്രമിച്ചത്. സംഭവത്തിനുപിന്നില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചീമ്പാളിന്റെ പുരക്കല്‍ യൂസഫാണെന്നും ജാബിര്‍ മൊഴി നല്‍കിയിരുന്നു. മലപ്പുറത്ത് ലോക് ഡൗനും നിരോധനാജ്ഞയും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് താനൂര്‍ നഗരത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ പോലീസുമായി സഹകരിച്ച് സജീവമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിനിടെ പുലര്‍ച്ചെ മൂന്നരയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ താനൂര്‍ കെപിസിസി റോഡിന് സമീപത്തെ ലീഗ് ഓഫീസിനു മുന്‍ വശത്തു വച്ചാണ് സംഭവം അക്രമണമുണ്ടായത്.
ബൈക്കില്‍ പോവുകയായിരുന്ന ജാബിറിനെ കണ്ടയുടന്‍ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചംഗ സംഘം കൈക്കോട്ട് ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് പരാതി. കാലിന് ഗുരുതര പരിക്കേറ്റ് വീണ ജാബിര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികള്‍ തലയ്ക്ക് അടിച്ചു. ഇതോടെ ഹെല്‍മെറ്റ് തകര്‍ന്നു. ഇതിനിടയില്‍ മുഖംമൂടി അഴിഞ്ഞതോടെ പ്രതിയെ വ്യക്തമായതായി ജാബിര്‍ പറയുന്നു. ജാബിറിന്റെ നിലവിളി സമീപത്തെ വീട്ടുകാര്‍ എഴുന്നേറ്റതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ജാബിര്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് താനൂര്‍ എസ്.ഐ നവീന്‍ ഷാജ് സംഭവസ്ഥലത്തെത്തി. നഗരത്തില്‍ ഉണ്ടായിരുന്ന ട്രോമാകെയര്‍ വളണ്ടിയര്‍മാരായ കെപി ജയ്സല്‍, കെ ബഷീര്‍, സലാം അഞ്ചുടി എന്നിവര്‍ ചേര്‍ന്ന് ജാബിറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കൈയ്ക്കും, ഇടതു കാലിനും ഗുരുതര പരിക്കേറ്റു.
പ്രതിയും സംഘവും ഇരിക്കാറുള്ള താല്‍ക്കാലിക ഷെഡ് കഴിഞ്ഞദിവസം പൊലീസ് ഇടപെട്ട് പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പിന്നില്‍ ജാബിര്‍ ആണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്ന് ജാബിര്‍ പറഞ്ഞു. ജാബിറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]