പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് സി.എച്ച് സെന്റര്‍ സൗജന്യമായി മരുന്നുകള്‍ നല്‍കും

പ്രവാസികളുടെ നാട്ടിലെ  കുടുംബാംഗങ്ങള്‍ക്ക്  സി.എച്ച് സെന്റര്‍ സൗജന്യമായി  മരുന്നുകള്‍ നല്‍കും

മലപ്പുറം: കോവിഡ് കാലത്ത് കാരുണ്യത്തിന്റെ കയ്യൊപ്പുമായി കോഴിക്കോട് സി.എച്ച് സെന്ററിന്റെ പുതിയ കാല്‍വെപ്പ്. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിരുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സൗജന്യമായി മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചു. സി.എച്ച് സെന്ററിന്റെ മുഖ്യ രക്ഷാധികാരികൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ഇക്കഴിഞ്ഞ ദിവസം ഗള്‍ഫിലെ കെ.എം.സി.സി നേതാക്കളുമായി മുസ് ലിംലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം കേള്‍ക്കുകയും ഓരോന്നായി പരിഹരിക്കുന്നത് സംബന്ധിച്ച നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. ആ ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം. ആദ്യ ഘട്ടത്തില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാറിലെ 6 ജില്ലകളിലുള്ളവര്‍ക്കാണ് മരുന്ന് നല്‍കുക. മുസ്ലിം യൂത്ത് ലീഗിന്റെ വളണ്ടിയര്‍ വിംഗായ മെഡി ചെയിന്‍ വഴിയാണ് മരുന്ന് വിതരണം ചെയ്യുക. പ്രവാസ ലോകത്ത് കഴിയുന്ന പലരും നാട്ടിലെ ബന്ധുക്കളുടെ കാര്യത്തില്‍ വലിയ പ്രയാസത്തിലാണ്. പലര്‍ക്കും ശമ്പളം ലഭിക്കാത്തതിനാല്‍ അവരെ ആശ്രയിച്ച് നാട്ടില്‍ കഴിയുന്നവരും ബുദ്ധിമുട്ടിലാണ്. സി.എച്ച് സെന്ററിന്റെ തീരുമാനം അത്തരം കുടുംബംഗങ്ങള്‍ക്ക് വലിയ ആശ്വാസമാകും. മരുന്നുകള്‍ ആവശ്യമുള്ള പ്രവാസി കുടുംബങ്ങള്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: 9495393300, 9605314598, 7592844111, 8589001473.

Sharing is caring!