കോവിഡ് ഭീതിക്കിടെ റിയാദില്‍ മരണപ്പെട്ട മലപ്പുറത്തെ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ നസീം മഖ്ബറയില്‍ ഖബറടക്കി

കോവിഡ് ഭീതിക്കിടെ റിയാദില്‍ മരണപ്പെട്ട മലപ്പുറത്തെ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍  നസീം മഖ്ബറയില്‍ ഖബറടക്കി

റിയാദ്: റിയാദില്‍ മരണപ്പെട്ട മലപ്പുറം ജില്ലക്കാരായ യുവാക്കളുടെ മൃതദേഹങ്ങള്‍ നസീം മഖ്ബറയില്‍ ഖബറടക്കി. മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് പുത്തൂരിലെ കോതപ്പുറത്ത് ഇസ്ഹാഖ് (34), മലപ്പുറം വാഴക്കാട് ചീരോത്ത് തടയില്‍ ജൗഹര്‍ (23) എന്നിവരുടെ മയ്യിത്തുകളാണ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എക്‌സിറ്റ് 15ലെ അല്‍ രാജ്ഹി മസ്ജിദില്‍ വെച്ച് നമസ്‌ക്കാരം നിര്‍വ്വഹിച്ചതിന് ശേഷം നസീം മഖ്ബറയില്‍ ഖബറടക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് ഇസ്ഹാഖ് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഉമ്മുല്‍ ഹമാമിലെ റൊട്ടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇസ് ഹാഖിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച അല്‍ ഖര്‍ജ് റോഡില്‍ വെച്ച് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ട്രൈയിലറിലിടിച്ചാണ് ജൗഹര്‍ മരിച്ചത്. നാല് മാസം മുമ്പ് പുതിയ വിസയില്‍ റിയാദിലെത്തിയ ജൗഹര്‍ ഒരു ബേക്കറി കമ്പനിയില്‍ സെയില്‍ സ്മാനായി ജോലി ചെയ്യുകയായിരുന്നു.
കര്‍ഫ്യൂ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ വേഗത്തിലാക്കി.മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

Sharing is caring!