കോവിഡ് പ്രതിരോധം: ആരാധനാലയങ്ങളിലെ നിരോധനം തുടരും

കോവിഡ് പ്രതിരോധം: ആരാധനാലയങ്ങളിലെ നിരോധനം തുടരും

മലപ്പുറം: ലോക് ഡൗണ്‍ അവസാനിപ്പിച്ചാലും ആരാധനാലയങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് രണ്ട് മാസത്തേക്ക് തല്‍സ്ഥിതി തുടരുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ലോക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം അറിഞ്ഞ ശേഷം ഇത് സംബന്ധിച്ച് മത-സാമുദായിക നേതാക്കളുടെ യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിവിധ മത സംഘടനകളുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. രോഗ വ്യാപനം തടയുന്നതിനായി മുന്‍ കരുതലെന്ന നിലയിലാണ് രണ്ട് മാസത്തേക്ക് കൂടി ശാരീരിക അകലം പാലിക്കുന്നതിനായി നിര്‍ദേശിക്കുന്നത്. റമളാന്‍ ഉള്‍പ്പടെ വിശേഷ ദിനങ്ങളാണ് വരുന്നതെന്നറിയാം, എങ്കിലും നിലവിലെ സാഹചര്യത്തില്‍ എല്ലാവരുടെയും സഹകരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

ലോക് ഡൗണ്‍ അവസാനിക്കുകയും വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്താല്‍ ഗള്‍ഫ് നാടുകളില്‍ നിന്നുള്‍പ്പടെ ജില്ലയിലേക്ക് പ്രവാസികള്‍ എത്താനുള്ള സാഹചര്യമുണ്ടാകും. ഇത്തരത്തില്‍ വരുന്നവര്‍ക്ക് ഐസൊലേഷനില്‍ കഴിയുന്നതിനായി ജില്ലയില്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ 15,000 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിന് പുറമെ സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളേജ് ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളും ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

പുതുതായി കോവിഡ് സ്ഥിരീകരിച്ച മേഖലകളിലെ ആളുകള്‍ക്ക് ആശങ്കകള്‍ ഒഴിവാക്കുന്നതിനായി കീഴാറ്റൂരിലേത് പോലെ റാന്‍ഡം സാമ്പിളിംഗ് നടത്താന്‍ ആലോചനയുണ്ട്. കീഴാറ്റൂരിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കാനായിട്ടുണ്ട്. കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സൗകര്യങ്ങള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജും സൗജന്യമായി പരിശോധനകള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളുമായി മികച്ച രീതിയിലാണ് സഹകരിക്കുന്നത്. തുടര്‍ന്നും സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, ഡി.എം.ഒ ഡോ. കെ.സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!