എം.എല്‍.എ കണ്‍ട്രോള്‍ റൂം തുണയായി : അതിഥി തൊഴിലാളി സുരക്ഷിതമായി നാട്ടിലെത്തി

എം.എല്‍.എ കണ്‍ട്രോള്‍ റൂം തുണയായി : അതിഥി തൊഴിലാളി സുരക്ഷിതമായി നാട്ടിലെത്തി

കൊണ്ടോട്ടി: ടി .വി ഇബ്രാഹിം എം.എല്‍.എയുടെ കണ്‍ട്രോള്‍ റൂമിന്റെ സജീവ ഇടപെടലിലൂടെ രോഗവിമുക്തനായി 65 കാരന്‍ മരുതം മുത്തു സ്വന്തം നാട്ടില്‍ തിരിച്ചെത്തി. കൊണ്ടോട്ടി കുറുപ്പത്ത് താമസിച്ചു വരികയായിരുന്നു ഈ തമിഴ്‌നാടുകാരന്‍.
ഒരാഴ്ച മുമ്പ് അവശനായി കുഴഞ്ഞ് വീണ മരുതം മുത്തുവിനെ എം.എല്‍.എയുടെ കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. മരുതം മുത്തുവിനെ പരിചരിച്ച് ആശുപത്രിയില്‍ കൂട്ടിരുന്നത് ആക്കോട് കറുത്തേടത്ത് അര്‍ഷദ് ഖാന്‍ എന്ന മനുഷ്യസ്‌നേഹിയായ യുവാവും. അതിഥിതൊഴിലാളിയെ പരിചരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഒരാളെ കിട്ടുമോ എന്ന ആവശ്യമറിയിച്ചു എം എല്‍ എ പുറത്ത് വിട്ട സന്ദേശം കേട്ട് മുന്നോട്ട് വരികയായിരുന്നു അര്‍ഷദ് ഖാന്‍.

ചികത്സാ സംബന്ധമായ എല്ലാ പരിശോധനകളും മരുന്നും ലഭ്യമാക്കി മൂന്ന് ദിവസത്തെ മെഡിക്കല്‍ കോളേജ് ചികിത്സ പൂര്‍ത്തിയാക്കി ഡിസ്ചാര്‍ജ് ചെയ്തു കൊണ്ടോട്ടിയിലെ റൂമിലേക്ക് കൊണ്ടു വന്നപ്പോള്‍ മരുത മുത്തു നാട്ടില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ അബ്ദുല്‍ റഷിദ് എന്ന ഡ്രൈവറും ഒപ്പം എം.എല്‍.എ കണ്‍ട്രോള്‍ റൂം വളണ്ടിയര്‍ മുഹമ്മദ് അനിസും പത്തായക്കണ്ടി അഹമ്മദ് ഹാജി മെമ്മോറിയല്‍ ചാരിറ്റബള്‍ ട്രസ്റ്റ് ട്രാമോ കെയര്‍ ആംബുലന്‍സില്‍ മരുതം മുത്തുവിനെ നാട്ടില്‍ എത്തിച്ചു.

സംസ്ഥാന അഥിര്‍ത്തി കടക്കാന്‍ കഴിയുമോ എന്ന ആശങ്കയോടെയുള്ള യാത്ര വാളയാര്‍ അഥിര്‍ത്തി പിന്നിട്ടപ്പോഴാണ് ആശ്വാസമായത്. പിന്നെയും മൂന്നു മണിക്കൂര്‍ യാത്ര ചെയ്താണ് മരുത മുത്തുവിനെ കലൂര്‍ ഗ്രാമത്തില്‍ എത്തിച്ചത്. വേവലാതിപ്പെട്ട കുടുംബത്തിന് മരുത മുത്തുവിന്റെ സാന്നിധ്യം ആശ്വാസമായി.

ഒരു കുടുംബത്തിന്റെ ആശങ്കയില്‍ തുണയാകാന്‍ കഴിഞ്ഞ ചാരിതാത്ഥ്യത്തിലാണ് എം.എല്‍.എയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകര്‍. ഇത് പോലുള്ള ചെറുതും വലുതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ കണ്‍ട്രോള്‍ റൂമിലൂടെ നടത്തി വരുന്നു. ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ്, മൊബൈല്‍ റീച്ചാര്‍ജ്, എന്നിങ്ങനെയുള്ള അത്യാവശ്യങ്ങള്‍ക്ക് എം.എല്‍.എ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ് എന്നും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകര്‍ അറിയിച്ചു

Sharing is caring!