സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി മലപ്പുറം

സംസ്ഥാനത്ത് ആദിവാസി  കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ്  വിതരണം പൂര്‍ത്തിയാക്കിയ  ആദ്യ ജില്ലയായി മലപ്പുറം

മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പ്രത്യേക ഭക്ഷ്യോത്പന്ന കിറ്റ് വിതരണം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. ഏപ്രില്‍ രണ്ടിന് ആരംഭിച്ച കിറ്റ് വിതരണം നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സംസ്ഥാനത്തുതന്നെ ആദിവാസികള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി മലപ്പുറം മാറി. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 5,237 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കിയതെന്ന് ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. 15 കിലോ അരി, ഒരു കിലോ കടല, ഒരു കിലോ വന്‍പയര്‍, ഒരു ലിറ്റര്‍ വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളടങ്ങിയ 1,000 രൂപയുടെ കിറ്റാണ് എത്തിച്ചു നല്‍കിയത്. ത്രിവേണി കണ്‍സ്യൂമര്‍ ഫെഡ് മുഖേനയാണ് കിറ്റ് തയ്യാറാക്കിയത്.60 വയസ്സ് പൂര്‍ത്തിയായ പട്ടികവര്‍ഗ കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണവും ജില്ലയില്‍ പൂര്‍ത്തിയായി. 1,670 കിറ്റുകളാണ് ഈ വിഭാഗത്തില്‍ വിതരണം ചെയ്തത്. വന്‍പയര്‍, കടല, ശര്‍ക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് തുടങ്ങിയ സാധനങ്ങടങ്ങിയ 400 രൂപയുടെ കിറ്റാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വിതരണം ചെയ്തത്. ഉള്‍നാടന്‍ വനാന്തരങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി കുടംബങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ റേഷന്‍ കടകളിലൂടെ അനുവദിച്ച സൗജന്യ റേഷനും ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതുവരെ 3,530 കുടംബങ്ങള്‍ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഇന്ന് മുതല്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന 17 ഇന നിത്യോപയോഗ സാധനങ്ങളടങ്ങിയ 1000 രൂപയുടെ കിറ്റും സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. പട്ടിക വര്‍ഗ പ്രമോട്ടര്‍മാരാണ് കിറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നത്.
അതേ സമയം മലപ്പുറത്ത് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആദിവാസി കോളനികളിലും ഉള്‍നാടന്‍ വനങ്ങളിലും താമസിക്കുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മരുന്നും കുടിവെള്ളവും ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അവര്‍ക്കാവശ്യമായ മരുന്നും ചികിത്സയും നല്‍കുന്നതിനായി ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടുന്ന ആംബുലന്‍സ് സൗകര്യങ്ങടങ്ങിയ ഐ.ടി.ഡി.പിയുടെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് കോളനികളില്‍ സന്ദര്‍ശനം നടത്തി വരുന്നതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.മരുന്ന് ആവശ്യമുള്ളവര്‍ക്ക് ഐ.ടി.ഡി.പി ജില്ലാ ഓഫീസില്‍ വിവരം ലഭിക്കുന്ന മുറയ്ക്ക് അത് എത്തിച്ചു നല്‍കുന്നുണ്ട്. കോവിഡ് 19 ബോധവത്ക്കരണവും കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്നു. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ വീഡിയോകള്‍ പ്രാദേശിക ഭാഷകളില്‍ തര്‍ജ്ജമ ചെയ്താണ് ഊരുകളില്‍ പ്രചരിപ്പിക്കുന്നത്.

Sharing is caring!