കോവിഡ് 19: മലപ്പുറംജില്ലക്ക് ആശ്വാസ വാര്‍ത്തകള്‍

മലപ്പുറം: ആഗോളതലത്തില്‍ കോവിഡ് 19 ഭീഷണിയാവുമ്പോള്‍ മലപ്പുറം ജില്ല ഈ ആരോഗ്യ വിപത്തിനെ അതിജീവിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയ കരുതലിന്റെ കരുത്തില്‍. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടി (61) ക്കു പിറകെ തിരൂര്‍ സ്വദേശിയായ ഒരു വൈറസ് ബാധിതന്കൂടി രോഗമുക്തനായ ശുഭ വാര്‍ത്തയാണ് ജില്ലയ്ക്ക് പങ്കുവക്കാനുള്ളത്. രോഗ മുക്തനായത് തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ്. ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം പിന്നീടാണ് ആശുപത്രി വിടുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗമുക്തരാവുന്ന ഓരോരുത്തരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് വീടുകളിലേക്കു മടങ്ങുമ്പോള്‍ നിറയുന്ന മിഴികളിലും ആശ്വാസത്തിന്റെ പുഞ്ചിരികളിലും തിളങ്ങുന്ന പ്രത്യാശയുടെ പൊന്വെട്ടത്തിന് അവകാശികള്‍ നിരവധിയാണ്. കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ മൂന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാറിനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിക്കും സ്വന്തം ജീവന് പോലും നോക്കാതെ പൊതുജനാരോഗ്യ സംരക്ഷണത്തിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കും രോഗമുക്തരാവുന്നവരും കുടുംബാംഗങ്ങളും നന്ദി പറയുമ്പോള്‍ ഈ പോരാട്ട വിജയം വലിയൊരു കൂട്ടായ്മയുടേതുകൂടിയാവുകണ്. രോഗവ്യാപനം തടയാന്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളാണ് ജില്ലയില്‍ ഏകോപന ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെയും ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസറും മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും നാടു നേരിടുന്ന മഹാവിപത്തിനെ ചെറുക്കാന്‍ മുന്നില്‍ നിന്നു പോരാടുമ്പോള്‍ ജനക്ഷേമവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഇത് വിശ്രമമില്ലാത്ത കാലമാണ്. ഗ്രാമ – നഗര വ്യത്യാസമില്ലാതെ പൊതു സമ്പര്ക്കമില്ലാതാക്കി വൈറസ് വ്യാപനം ചെറുക്കുന്നതിലും അവശ്യ സാധനങ്ങളും ഭക്ഷണ ലഭ്യതയും ഉറപ്പാക്കുന്നതിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ജനപ്രതിനിധികളും സന്നദ്ധ സേവകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു. പൊതു സമൂഹത്തിനാകെ വെല്ലുവിളി തീര്‍ക്കുന്ന വൈറസ് ബാധ ഫലപ്രദമായി ചെറുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനവും സര്ക്കാറൊരുക്കുന്ന പ്രതിരോധത്തിന് പൂര്‍ണ്ണത ഉറപ്പാക്കുന്നുണ്ട്.
തെറ്റായ പ്രചരണങ്ങള്‍ക്കു പിറകെ പോകാതെ ഉത്തരവാദിത്ത ബോധത്തോടെയുള്ള പോരാട്ടത്തിന്റെ പാതയിലാണ് ജില്ല ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സക്കു ശേഷം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രോഗമുക്തരായവര്‍ പുറത്തിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മാതൃകാപരമായ പ്രതിരോധത്തില്‍ തിളങ്ങുന്ന കണ്ണിയാവുകയാണ് മലപ്പുറം ജില്ലയും.
മലപ്പുറം ജില്ലയില്‍ ഉംറ കഴിഞ്ഞെത്തിയ
കീഴാറ്റൂര്‍ പൂന്താനം സ്വദേശിക്ക് കോവിഡ്
ബാധയില്ലെന്ന് പരിശോധനാ ഫലം
മമലപ്പുറം ജില്ലയില്‍ മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിക്ക് കോവിഡ് 19 ബാധയില്ലെന്ന് പരിശോധനാ ഫലം. നേരത്തെ വൈറസ് ബാധിതനായ ശേഷം ലക്ഷണങ്ങളില്ലാതെതന്നെ ഇയാള്‍ രോഗമുക്തനായതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ തുടരും. വൈറസ് ബാധിതനായ ഇയാളുടെ പിതാവ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുമാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി