ലോക്ക് ഡൗണിനുശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും

മലപ്പുറം: ലോക്ക് ഡൗണ്‍ കാലാവധിക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ അധികം ലഗേജുകള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. പ്രവാസികള്‍ക്ക് അവരുടെ താല്‍പ്പര്യപ്രകാരം ഇതു തെരഞ്ഞെടുക്കാം. അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊറോണ കെയര്‍ കേന്ദ്രങ്ങളൊരുക്കും. മേയ് അവസാനം വരെ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ജില്ലാ ഭരണകൂടം ഇടപെടും. ഇതിന് മുന്നോടിയായി മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 11ന് പകല്‍ 11ന് കലക്രേ്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത സമുദായിക നേതാക്കളുടെ യോഗം ചേരും. സംഘടനകളുടെ ജില്ലാ നേതാക്കളില്‍ ഒരാള്‍ മലപ്പുറത്തും പ്രാദേശിക ഭാരവാഹികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും യോഗത്തില്‍ പങ്കെടുക്കും. നിസാമുദ്ദീന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണം. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലവിതരണം നടത്തും. കാന്റീനുകള്‍ ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും മിതമായ നിരക്കില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
RECENT NEWS

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ [...]