മലപ്പുറത്തെ ഈ കൊച്ചുപയ്യന്റെ സഹജീവി സ്‌നേഹം കണ്ടുപഠിക്കണം

മലപ്പുറത്തെ ഈ  കൊച്ചുപയ്യന്റെ സഹജീവി സ്‌നേഹം കണ്ടുപഠിക്കണം

തിരൂരങ്ങാടി: കൊറോണക്കാലത്ത് അപ്രതീക്ഷിതമായി വീണു കിട്ടിയ അവധിക്കാലം അടിച്ച് പൊളിക്കാന്‍ കഴിയുന്നില്ലെന്നത് റബിന് സങ്കടമേയല്ല. സഹജീവി സ്‌നേഹം മറന്നു പോകുന്ന ലോകത്തിന് വേറിട്ട കാഴ്ചകള്‍ സമ്മാനിച്ച് മാതൃകയാവുകയാവുകയാണ് ഈ അഞ്ച് വയസുകാരന്‍. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് നരിക്കോട്ട് മേച്ചേരി ഫാസില്‍ – ഷംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റബിന്‍ ആണ് കൊടുംവേനലിന്റെ നെരിപ്പോടില്‍ ദാഹിച്ച് വലയുന്ന പറവകള്‍ക്ക് സ്‌നേഹ സ്പര്‍ശമേകി മാതൃകയാവുന്നത്.
റബിന്‍ വെള്ളമെടുത്ത് പറമ്പില്‍ കറങ്ങുന്നതും മരം കേറുന്നതും സമപ്രായക്കാരെ പോലെ കുട്ടിക്കളിയായിട്ടല്ല. കുടിനീരന്വേഷിക്കുന്ന പക്ഷികള്‍ക്ക് ചുണ്ട് നനക്കാനുള്ള ആശ്രയമൊരുക്കുകയാണീ കൊച്ചു കൂട്ടുകാരന്‍. സ്വയം പെയിന്റ് ചെയ്ത് മനോഹരമാക്കിയ ചട്ടികള്‍ വീട്ടുമുറ്റത്തെ മരത്തിനു മുകളില്‍ കെട്ടിത്തൂക്കിയാണ് തണ്ണീര്‍ക്കുടമൊരുക്കിയിട്ടുള്ളത്. ഇടക്കിടക്ക് പൈപ്പില്‍ നിന്ന് വാട്ടര്‍ ബോട്ടിലില്‍ വെള്ളമെടുത്ത് മരം കയറി പാത്രം നിറച്ച് കൊടുക്കും. നിരവധി പക്ഷികളാണ് ദാഹജലത്തിനായി റബിന്റെ തണ്ണീര്‍ കുടത്തെ ആശ്രയിക്കുന്നത്. വെള്ളത്തോടൊപ്പം പഴയ പ്ലാസ്റ്റിക് കുപ്പികൊണ്ട് ഉണ്ടാക്കിയ പാത്രത്തില്‍ ധാന്യങ്ങളും പക്ഷികള്‍ക്കായി ഒരുക്കി വെച്ചിട്ടുണ്ട്. ഇയ്യടുത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ ഒരു പരുന്ത് കുഞ്ഞിനെ കണ്ടെത്തിയതാണ് പറവകള്‍ക്ക് തണ്ണീര്‍കുടം സ്ഥാപിക്കുക എന്ന ആശയം റബിന്റെ മനസ്സിലുദിച്ചതെന്ന് സ്‌കൂള്‍ അധ്യാപികയായ മാതാവ് ഷംല പറഞ്ഞു. ആഗ്രഹമറിയിച്ചപ്പോള്‍ പ്രോത്സാഹനം നല്‍കി. പ്രതീക്ഷിച്ചതിലും വലിയ ആവേശവും താല്പര്യവുമായിരുന്നു മകനില്‍ കണ്ടതെന്ന് മാതാവ് പറഞ്ഞു.
പരപ്പനങ്ങാടി പെംസ് സി.ബി.എസ്.ഇ സ്‌കൂളില്‍ യു.കെ.ജി. വിദ്യാര്‍ത്ഥിയായ റബിന്‍ പാഠ്യേതര രംഗത്തും മികവ് പുലര്‍ത്തുന്നു. കൊച്ചുകൂട്ടുകാര്‍ക്ക് മാതൃകയാക്കാനായി റബിന്റെ ഈ സുകൃതം സന്ദേശമാക്കി വീഡിയോ പുറത്തിറക്കുന്നുണ്ട്.

Sharing is caring!